അഭിറാം മനോഹർ|
Last Modified ശനി, 12 ഒക്‌ടോബര്‍ 2024 (12:52 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ വമ്പന്‍ തോല്‍വിയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണ് പാകിസ്ഥാന്‍. നിലവില്‍ ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 550+ റണ്‍സ് നേടിയ ശേഷമാണ് പാകിസ്ഥാന്‍ ഇന്നിങ്ങ്‌സിനും 47 റണ്‍സിനും തോല്‍വി വഴങ്ങിയത്. 2022ന് ശേഷം പാക് മണ്ണില്‍ കളിച്ച 11 കളികളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ പാകിസ്ഥാനായിട്ടില്ല.
ബംഗ്ലാദേശിനോടടക്കം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ കൈവിട്ടിരുന്നു. സ്വന്തം മണ്ണില്‍ അവസാനം കളിച്ച 11 ടെസ്റ്റില്‍ പാകിസ്ഥാന്‍ ഏഴിലും തോല്‍വി വഴങ്ങി. നാലെണ്ണം സമനിലയിലായി. ഇതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ പാകിസ്ഥാന്‍ അവസാനക്കാരായി. 8 ടെസ്റ്റില്‍ 16 പോയന്റുകള്‍ മാത്രമാണ് പാകിസ്ഥാനുള്ളത്. 9 ടെസ്റ്റില്‍ 20 പോയന്റുള്ള വെസ്റ്റിന്‍ഡീസാണ് പാകിസ്ഥാന് മുന്നിലുള്ളത്. 98 പോയന്റുകളോടെ ഇന്ത്യ പട്ടികയില്‍ ഒന്നാമതും 90 പോയന്റുകളോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്.
ശ്രീലങ്ക,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,ന്യൂസിലന്‍ഡ്,ബംഗ്ലാദേശ് എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.