അഭിറാം മനോഹർ|
Last Modified വെള്ളി, 7 ജനുവരി 2022 (17:09 IST)
ടി20 വമ്പൻ മാറ്റങ്ങൾ നിർദേശിച്ച് ഐസിസി. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ കാലഘട്ടത്തിൽ കുട്ടി ക്രിക്കറ്റ് കൂടുതൽ ആകർഷകമാക്കാനാണ് പുതിയ മാറ്റം. കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷാവിധിയിലും വെള്ളം കുടി ഇടവേളയുടെ കാര്യത്തിലുമാണ് ഐസിസി മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.
ഒരു ഇന്നിങ്‌സ് നിശ്ചിത സമയത്തിൽ എറിഞ്ഞ് തീർക്കാൻ സാധിച്ചില്ലെങ്കിൽ മാച്ച് ഫീയുടെ 10-20 ശതമാനമാണ് പൊതുവെ പിഴയായി ഈടാക്കുന്നത്. എന്നാൽ പുതിയ നിയമപ്രകാരം കുറഞ്ഞ ഓവർ നിരക്കിന് പകരംആയി തേര്‍ട്ടിയാര്‍ഡ് സര്‍ക്കിന് പുറത്ത് നില്‍ക്കാന്‍ കഴിയുന്ന താരങ്ങളുടെ എണ്ണത്തില്‍ ഒരാളുടെ കുറവ് വരുത്താനാണ് തീരുമാനം.
ഇത് മറ്റൊരു ടീമിന് അനുകൂല ഘടകമാകുമെന്നതിനാൽ നായകന്മാർ ഓവർ നിരക്കിൽ ശ്രദ്ധ വെയ്‌ക്കാൻ ഇടയാക്കും. ഇതോടെ മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാവും.പിഴ ശിക്ഷയും ഇതിനോടൊപ്പം ഉണ്ടാകും.
വെള്ളംകുടിയ്ക്കായുള്ള ഇടവേള 10ാം ഓവറില്‍ അനുവദിക്കും. ഇത് ടീമുകള്‍ക്ക് വേണമെങ്കില്‍ എടുക്കാവുന്നതാണ്. ഐപിഎല്ലില്‍ സ്ട്രാറ്റജിക് ടൈം ഔട്ടെന്ന് പേരില്‍ ഈ സമയം നടപ്പിലാക്കുന്നുണ്ട്.ഈ മാസം 16ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് പരമ്പരയോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും എന്നാണ് സൂചന.