കടുവകളുടെ പാളിപ്പോയ തന്ത്രവുമായി പാകിസ്ഥാന്‍; കളം മാറ്റി ചവിട്ടി കോഹ്‌ലി - ഫൈനലില്‍ അത് സംഭവിക്കുമോ ?

കടുവകളുടെ പാളിപ്പോയ തന്ത്രവുമായി പാകിസ്ഥാന്‍; കളം മാറ്റി ചവിട്ടി കോഹ്‌ലി - ഫൈനലില്‍ അത് സംഭവിക്കുമോ ?

ലണ്ടന്‍| jibin| Last Updated: ശനി, 17 ജൂണ്‍ 2017 (19:14 IST)
നായകന്റെ കുപ്പായമണിഞ്ഞ ശേഷമുള്ള ആദ്യ പ്രധാന ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരം നഷ്‌ടപ്പെടാതിരിക്കാന്‍ വിരാട് കോഹ്‌ലിയിറങ്ങുമ്പോള്‍ പരിഹസിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടി ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിലൂടെ നല്‍കുക എന്ന ലക്ഷ്യമാണ് സര്‍ഫ്രാസിനുള്ളത്.

ഇന്ത്യയുടെ മുന്നേറ്റം പ്രവചിക്കപ്പെട്ടതായിരുന്നുവെങ്കിലും പാക് ടീമിന്റെ ഫൈനല്‍ പ്രവേശനം ആരും പ്രതീക്ഷിച്ചതല്ല. ആരാധകര്‍ കാത്തിരുന്ന ചിരകാല വൈരികളുടെ വമ്പന്‍ പോരാട്ടം ഇംഗ്ലീഷ് മണ്ണില്‍ നടക്കുമ്പോള്‍ സാധ്യത ഇന്ത്യക്കൊപ്പമാണ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയും പാക് ബോളര്‍മാരും തമ്മിലുള്ള പോരാട്ടമാകും നാളത്തേത്. ബോളര്‍ മുഹമ്മദ് ആമിറിന്റെ പ്രസ്ഥാവന അതിനുള്ള തെളിവ്.

വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീണാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്നും അതിലൂടെ കളി വരുതിയിലാക്കാമെന്നുമാണ് ആമിര്‍ പറയുന്നത്. അതേസമയം, അമിതാവേശം കാട്ടാതെ സമചിത്തതയോടെ കളിച്ചാല്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് കോഹ്‌ലിയുടെ വിലയിരുത്തലും ഉപദേശവും.



ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ഇംഗ്ലണ്ടിനെ സെമിയില്‍ തരിപ്പണമാക്കുകയും ചെയ്‌ത ടീം എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആശങ്കപ്പെടുത്തും. പരുക്ക് മാറി ആമിര്‍ ടീമിലേക്ക് എത്തുന്നതോടെ അവരുടെ ബോളിംഗ് കൂടുതല്‍ ശക്തമാകും. മാനസിക ബലത്തിലും സ്ഥിരതയാർന്ന പ്രകടനത്തിലും കോഹ്‌ലിപ്പടയാണ് മുന്നിലെങ്കിലും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് പാക് ടീമിന്റെ പദ്ധതി.

ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ്മ കൂട്ടുക്കെട്ടിനെ നേരത്തെ പൊളിക്കുകയും തുടര്‍ന്നെത്തുന്ന കോഹ്‌ലിയെ നിലയുറപ്പിക്കും മുമ്പ് കൂടാരം കയറ്റുക എന്ന തന്ത്രമാവുമായിരുന്നു ബംഗ്ലാദേശിനുണ്ടായിരുന്നത്. ഇതേ തന്ത്രം തന്നെയാണ് പാകിസ്ഥാനുള്ളത്. യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയും കാര്യമായ ചെറുത്തു നില്‍പ്പ് നടത്തില്ലെന്നും അവര്‍ കണക്ക് കൂട്ടുന്നുണ്ട്.

ധാവന്റെയും രോഹിത്തിന്റെയും മാരക ഫോം വീണ്ടും ആവര്‍ത്തിച്ചാല്‍ കപ്പ് ഇന്ത്യയിലെത്തുമാണ് കോഹ്‌ലിയുടെ വിശ്വാസം. എന്നാല്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്‌തിട്ടും ശ്രീലങ്കയോട് തോല്‍‌ക്കേണ്ടിവന്നത് ക്യാപ്‌റ്റനെ ആശങ്കപ്പെടുത്തുന്നു. അതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനാകും അദ്ദേഹം ആഗ്രഹിക്കുക.

ബോളിംഗിലും ഫീല്‍‌ഡിംഗിലും പ്രകടനം അത്ര മെച്ചമല്ലാത്തതിനാല്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാല്‍ 340നോട് ചേര്‍ന്നുള്ള സ്‌കോറാകും കോഹ്‌ലിയുടെ മനസിലുണ്ടാകുക. തുടക്കത്തില്‍ വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കളി കൂടുതല്‍ സങ്കീര്‍ണ്ണമാകും, അപ്പോള്‍ ബോളര്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ പന്ത് എറിയണമെങ്കില്‍ 340 റണ്‍സ് വേണമെന്നാണ് വിരാടിന്റെ അഭിപ്രായം.



സമ്മര്‍ദ്ദമില്ലാതെയാകും ഇന്ത്യയിറങ്ങുക, എന്നാല്‍ പാക് നിരയില്‍ കാര്യങ്ങള്‍ അത്ര നല്ലതായിരിക്കില്ല. കോഹ്‌ലിയോടും കൂട്ടരോടും കളിക്കാനിറങ്ങുന്ന പാകിസ്ഥാനെ നിരവധി കാര്യങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഫൈനല്‍ കളിക്കാന്‍ യോഗ്യരല്ലാത്തവരെന്ന സ്വന്തം നാട്ടുകാരുടെ വിമര്‍ശനവും ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോള്‍വിയും അവരെ വേട്ടയാടുന്നുണ്ട്. സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ വരിഞ്ഞു മുറുക്കാന്‍ പാക് നിരയ്‌ക്കാകും.

പ്രവചനാതീതമായ ക്രിക്കറ്റ് എന്നും പുറത്തെടുക്കുന്ന പാകിസ്ഥാനെ ബഹുമാനത്തോടെ കണുന്നതാകും ഇന്ത്യക്ക് നല്ലത്. അല്ലാത്ത പക്ഷം, കയ്യെത്തും ദൂരത്തു നിന്നും പോകുന്നത് മിനി ലോകകപ്പെന്ന ഖ്യാതിയുള്ള വലിയൊരു കിരീടമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :