ലോകത്തിലെ നമ്പർ 1 ടീം ഇന്ത്യ, കാരണം കോഹ്ലി; വിരാടിന്റെ വഴി മുടക്കാനില്ലെന്ന് ദാദ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2019 (14:25 IST)
ബിസിസി‌ഐയുടെ 39ആമത് പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് സംസാരിച്ച സൌരവ് ഗാംഗുലി നേരിട്ട രണ്ട് പ്രധാന ചോദ്യങ്ങളിൽ ഒന്ന് നായകൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കുറിച്ചായിരുന്നു. രണ്ടാമത്തേത് മുൻ നായകൻ എം എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചും. രണ്ടിനും വ്യക്തവും കൃത്യവുമായ മറുപടിയാണ് നൽകിയതും.

എല്ലാവർക്കും തുല്യപരിഗണന നൽകുന്നതുമായ ഭരണമായിരിക്കും പുതിയ കമ്മിറ്റിയുടേതെന്ന് ഗാംഗുലി ആവർത്തിച്ചു. പ്രസിഡന്റ് പദവിയിൽ താൻ ഉള്ളിടത്തോളം കാലം എല്ലാ താരങ്ങൾക്കും അവർ അർഹിക്കുന്ന പരിഗണനയും ബഹുമാനവും നൽകുമെന്ന് ഗാംഗുലി പറയുന്നു.

നായകൻ വിരാട് കോഹ്ലിയെ പുകഴ്ത്തിയ ഗാംഗുലി അദ്ദേഹത്തിന്റെ പ്രവർത്തനത്തെ മതിക്കുന്ന വിധത്തിലാണ് സംസാരിച്ചത്. ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് കോഹ്ലിയെന്നും ബി സി സി ഐ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം സുഖമമാക്കുക, അദ്ദേഹത്തിന്റെ വഴി സുഖകരമാക്കുക എന്നതാണ് തന്റെ ഉദ്ദെശവും ലക്ഷ്യവുമെന്ന് ദാദ പറഞ്ഞു.

‘കോഹ്ലിയുടെ ജീവിതം പ്രയാസമുള്ളതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് എളുപ്പത്തിലാക്കാനാണ് എന്റെ ശ്രമം. ഇന്ത്യൻ ടീമിന്റെ മുന്നോട്ടുള്ള യാത്രയെ കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തും. കഴിഞ്ഞ 4 വർഷത്തെ കണക്കെടുത്ത് നോക്കിയാൽ, ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ, പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ. ടീമിന്റെ ആ വിജയത്തിനു കാരണക്കാരായവരിൽ പ്രധാനിയാണ് കോഹ്ലി. ടീമിനെ ജയിപ്പിക്കാൻ കോഹ്ലിക്ക് വേണ്ടതെല്ലാം ഞങ്ങൾ കൊടുക്കും’ എന്നും ദാദ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :