ചിപ്പി പീലിപ്പോസ്|
Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (14:00 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിൽ വമ്പൻ വിജയം സ്വന്തമാക്കി പരമ്പര കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. പരമ്പര സ്വന്തമാക്കിയ ടീമിനെ കാണാൻ മുൻ നായകൻ എം എസ് ധോണി റാഞ്ചിയിലെത്തിയിരുന്നു. താരം മത്സരം കാണാൻ എത്തുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, മത്സരത്തിനിടയ്ക്ക് ധോണിയെ എവിടെയും കാണാഞ്ഞപ്പോൾ അദ്ദേഹം വാക്കു പാലിച്ചില്ലെന്ന് പാപ്പരാസികൾ വിധിയെഴുതിത്തുടങ്ങി. മത്സരശേഷം നായകൻ വിരാട് കോഹ്ലിയുടെ പത്രസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു. വരുമെന്ന് പറഞ്ഞ ആളെ കാണാനില്ലല്ലോ എന്ന പരിഹാസ ചോദ്യത്തിനു അതേ മറുപടിയിൽ കോഹ്ലി ഉത്തരം നൽകുകയും ചെയ്തു.
‘ആരു പറഞ്ഞു വന്നില്ലെന്ന്? അദ്ദേഹം ഇവിടെ ഉണ്ട്. ഡ്രസിംഗ് റൂമിലാണ് അദ്ദേഹമുള്ളത്. വരൂ, വന്ന് അദ്ദേഹത്തോട് ഒരു ഹലോ പറയൂ’ - എന്നായിരുന്നു കോഹ്ലിയുടെ മറുപടി.
ഡ്രസിങ് റൂമില്‍ വച്ച് റാഞ്ചി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ സ്പിന്നര്‍ ഷഹബാസ് നദീമുമായി ധോണി സംസാരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. പരിശീലകൻ രവി ശാസ്ത്രിക്കൊപ്പവും ധോണി സമയം ചിലവഴിച്ചു. അതിശയകരമായ ഒരു പരമ്പര വിജയത്തിനുശേഷം ഒരു യഥാർത്ഥ ഇന്ത്യൻ ഇതിഹാസത്തെ അദ്ദേഹത്തിന്റെ തട്ടകത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രവി ശാസ്ത്രിയും കുറിച്ചു.
ധോണിയെ അദ്ദേഹത്തിന്റെ ഡെന്നിൽ വെച്ച് കണ്ടു എന്നാണ് ശാസ്ത്രി കുറിച്ചത്. ഗുഹ എന്നാണ് ഡെൻ എന്ന വാക്കിന്റെ അർത്ഥം. സിംഹം താമസിക്കുന്ന സ്ഥലത്തെയാണ് പൊതുവെ ഗുഹയെന്ന് വിളിക്കുക. സിംഹത്തെ സിംഹത്തിന്റെ മടയിൽ പോയി കണ്ടു എന്നാണ് ശാസ്ത്രി ഉദ്ദേശിച്ചതെന്നും ആരാധകർ പറയുന്നു.
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍
ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായ ശേഷം ഇതാദ്യമായാണ് ധോണി ടീമിന്റെ ഡ്രസിങ് റൂമിലെത്തിയത്. ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകര്‍.
ഇന്ത്യന്‍ ടീമിലേക്കു ധോണിക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോയെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ബംഗ്ലാദേശിനെതിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയില്‍ ധോണി തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല.