വിജയം സഞ്ജുവിനൊപ്പം പോരുമോ? സൺറൈസേഴ്‌സിനെതിരെ രാജസ്ഥാന്റെ സാധ്യതകൾ എങ്ങനെ?

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (14:12 IST)
പതിനഞ്ചാം സീസണിൽ മറ്റെന്നുമില്ലാത്ത വിധം ശക്തമായ ടീമുമായാണ് ഇത്തവണ മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ റോയൽസ് ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ. മെഗാതാരലേലം കഴിഞ്ഞ് ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടുമ്പോൾ രാജസ്ഥാന്റെ സാധ്യതകൾ പരിശോധിക്കാം.

ഐപിഎല്ലില്‍ ഇതുവരെ 15 മത്സരങ്ങളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം വന്നത്. ഹൈദരാബാദ് എട്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ ജയം രാജസ്ഥാനൊപ്പം നിന്നു. കഴിഞ്ഞ സീസണിൽ ഇരു ടീമുകൾ ഓരോ മത്സരങ്ങൾ വീതം വിജയിച്ചു.

ഇക്കുറി ഉഗ്രൻ ബൗളിംഗ് നിരയുമായാണ് ഇരു ടീമും മുഖാമുഖമെത്തുക.ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർക്കൊപ്പം ജിമ്മി നീഷവും നേഥൻ കൂൾട്ടർ നൈലും സഞ്ജുവിനൊപ്പമുണ്ട്. ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവർ അണിനിരക്കുന്ന ഹൈദരാബാദ് ബൗളിങ് നിരയും ശക്തമാണ്.

ഓപ്പണിങിൽ ജോസ് ബട്ട്‌ലറും യശസ്വീ ജയ്‌സ്‌വാളും അണിനിരക്കുന്ന രാജസ്ഥാന്റെ മുൻനിര ഇത്തവണ സീസണിലെ തന്നെ ഏറ്റവും ശക്തമായ നിരയാണ്. മലയാളി താരങ്ങളായ ദേവ്‌ദത്ത് പടിക്കലും സഞു സാംസണും കൂറ്റൻ ഷോട്ടുകൾ ഉതിർക്കാൻ കഴിവുള്ള ഷിമ്രോൺ ഹെറ്റ്മെയറും രാജസ്ഥാന്റെ ബാറ്റിങ് കരുത്ത് വിളിച്ചോതുന്നു.

അതേസമയം നിക്കോളാസ് പുരാൻ, എയ്ൻ മാർക്രാം, നായകൻ കെയ്‌ൻ വില്യംസൺ എന്നിവരിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷകൾ.രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, എന്നിവരടങ്ങുന്ന ബാറ്റിങ് നിര പൊതുവെ ദുർബലമാണ്. മറ്റൊരു ഐപിഎൽ സീസണിന് കൂടി തുടക്കം കുറിക്കുമ്പോൾ വിജയത്തോടെ തുടക്കമിടാനാവും രാജസ്ഥാന്റെ ശ്രമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :