Cricket worldcup 2023:പണി പാളുമോ? ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി ഗില്ലിന് പുറമെ ഹാർദ്ദിക്കും പുറത്തേയ്ക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (18:49 IST)
ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിനായി വലിയ രീതിയിലുള്ള മുന്നൊരുക്കമാണ് ഇന്ത്യന്‍ ക്യാമ്പില്‍ നടക്കുന്നതെങ്കിലും ഇന്ത്യന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ഓപ്പണറായ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചു എന്ന വാര്‍ത്തയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

ഓസീസുമായുള്ള മത്സരത്തില്‍ ഗില്‍ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ഓള്‍ റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റെന്ന റിപ്പോര്‍ട്ടാണ് ആശങ്ക സൃഷ്ടിക്കുന്നത്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിരലിന് പരിക്കേറ്റതായി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ സുബയാന്‍ ചക്രവര്‍ത്തിയാണ് പുറത്തുവിട്ടത്. കൈവിരലിന് പരിക്കേറ്റ ശേഷം ഹാര്‍ദ്ദിക് പരിശീലനമൊന്നും നടത്തിയില്ലെന്നും റിപ്പോര്‍ട്ട്ടില്‍ പറയുന്നു. ഹാര്‍ദ്ദിക്കിന്റെ പരിക്ക് എത്രമാത്രം ഗുരുതരമെന്ന് വ്യക്തമല്ല. ഹാര്‍ദ്ദിക്കിന് കളിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ അപ്പാടെ ബാധിക്കും.

ഓസീസിനെതിരെ ശുഭ്മാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷനായിരിക്കും കളിക്കുക. ഹാര്‍ദ്ദിക്കിന് പരിക്ക് സ്ഥിരീകരിക്കുകയാണെങ്കില്‍ ശാര്‍ദൂല്‍ ഠാക്കൂറോ ആര്‍ അശ്വിനോ ആകും ഹാര്‍ദ്ദിക്കിന് പകരം ടീമിലെത്തുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :