ജിതേഷ് ശർമയ്ക്ക് പകരം എന്തുകൊണ്ട് സഞ്ജു, ബിസിസിഐ പറയുന്ന കാരണം ഇങ്ങനെ

അഭിറാം മനോഹർ| Last Updated: വെള്ളി, 7 ജൂലൈ 2023 (18:50 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വലിയൊരു ശതമാനം പേരും ടി20 ടീമില്‍ സഞ്ജു ഉള്‍പ്പെടുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ടി20 ടീം പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയ്ക്ക് പകരം സഞ്ജു സാംസണെയാണ് ടീം തിരെഞ്ഞെടുത്തത്. നേരത്തെ ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ ടി20 പരമ്പരയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടെങ്കിലും ജിതേഷ് ശര്‍മയ്ക്ക് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

ഐപിഎല്ലില്‍ ഫിനിഷറെന്ന ഇലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു ഐപിഎല്ലില്‍ നിറം മങ്ങിയിട്ടും എന്തുകൊണ്ട് ജിതേഷ് തഴയപ്പെട്ടു എന്ന ചോദ്യമാണ് ഒരു കൂട്ടം ആരാധകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിന് നല്‍കുന്ന ഉത്തരം ലളിതമാണ്. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരെ നടന്ന ടി20 പരമ്പരയ്ക്കിടെ സഞ്ജു സാംസണിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ജിതേഷ് ടീമിലെത്തിയത്. എന്നാല്‍ സഞ്ജു പരിക്ക് മാറി തിരിച്ചെത്തിയപ്പോള്‍ പ്രഥമ പരിഗണന സഞ്ജുവിനായി എന്ന് മാത്രം. ഫിനിഷിങ് റോളിലും ടോപ് ഓര്‍ഡറിലും കളിക്കാന്‍ സഞ്ജുവിനാകുമെന്ന കാര്യവും സെലക്ടര്‍മാര്‍ പരിഗണിച്ചു. ടീമില്‍ ഇഷാന്‍ കിഷന്‍ കൂടി ഉള്ളതിനാല്‍ മൂന്നാമത് ഒരു കീപ്പര്‍ ആവശ്യമില്ലെന്നതും ജിതേഷിന് തടസ്സമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :