അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ജൂലൈ 2023 (12:53 IST)
വെസ്റ്റിന്‍ഡീസിനെതിരായ
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവും അധികം നിരാശരാക്കിയത് റിങ്കു സിംഗിനെ ടീമിലേക്ക് പരിഗണിക്കാത്തതായിരുന്നു. ഐപിഎല്ലില്‍ മികച്ച ഫിനിഷറെന്ന രീതിയില്‍ പേരെടുത്ത റിങ്കു സിംഗിനെ ടീമിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്ന് കനത്ത വിമര്‍ശനമാണ് ടീം സെലക്ഷനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ റിങ്കു സിംഗിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍.
റിങ്കുവിന്റെ സമയം വരുമെന്നാണ് ഇര്‍ഫാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അതേസമയം റിങ്കു സിംഗിന് പകരം മുംബൈ താരമായ തിലക് വര്‍മയ്ക്ക് അവസരം നല്‍കിയതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുംബൈ താരമായിരുന്ന അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കുമ്പോള്‍ മുംബൈ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക സ്വാഭാവികമാണെന്നാണ് ആരാധകരുടെ പ്രതികരണം.