അവന് പിച്ച് ഒരു പ്രശ്നമാകില്ല, ലോകത്ത് എവിടെയും തിളങ്ങാനാകും: മാനവ് സുതാറിനെ പ്രശംസിച്ച് രഹാനെ
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ബോളിംഗ് പ്രകടനം നടത്തിയ ഇന്ത്യയുടെ യുവ ഇടങ്കയ്യന്‍ സ്പിന്നര്‍ മാനവ് സുതാറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകനായ അജിങ്ക്യ രഹാനെ. പിച്ചിനെ അമിതമായി ആശ്രയിക്കാതെ ഏത് സാഹചര്യത്തിലും മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന അപൂര്‍വമായ താരമാണ് സുതാറെന്നും അതിനാല്‍ തന്നെ ലോകത്തെവിടെയും തിളങ്ങാന്‍ താരത്തിനാകുമെന്നും രഹാനെ പറഞ്ഞു.
തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ യുവതാരത്തിന്റെ സാങ്കേതികമികവിനെ പ്രശംസിച്ചത്. ബൗളിന് മാനവ് നല്‍കുന്ന പേസും ഡ്രിഫ്റ്റുമാണ് ബാറ്റര്‍മാരെ വഞ്ചിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ തന്നെ പിച്ചിന്റെ ആനുകൂല്യത്തെ മാത്രം ആശ്രയിക്കാതെ അവന് പന്തെറിയാനാകും. ഇത് മൂലം വിദേശത്തും അവന് തിളങ്ങാനാകും. ഓരോ ബാറ്റര്‍മാര്‍ക്കും അനുയോജ്യമായ രീതിയില്‍ വേഗത മാറ്റാനും ക്രീസിലെ ആംഗിളുകള്‍ കൃത്യമായി ഉപയോഗിക്കാനും മാനാവിന് സാധിക്കുന്നുണ്ട്. 3 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയം മാത്രമുള്ള ഒരു താരം ഇത്രയും വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് മികച്ച ലക്ഷണമാണ്. രഹാനെ പറയുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മാനവ് സുതാര്‍ വിദേശ മണ്ണില്‍ ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.3 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് താരം ഇതിനകം സ്വന്തമാക്കിയത്. ശ്രീലങ്കന്‍ പര്യടനത്തില്‍ സീനിയര്‍ താരമായി രവീന്ദ്ര ജഡേജയുള്ളപ്പോള്‍ പോലും ആദ്യ സ്പിന്‍ ഓപ്ഷനായി നായകന്‍ ശുഭ്മാന്‍ ഗില്‍ പരിഗണിച്ചത് മാനവിനെയായിരുന്നു.
