രേണുക വേണു|
Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (08:19 IST)
Hardik Pandya: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ടി 20 നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ചില തെറ്റുകള്‍ സംഭവിച്ചെന്നും അതാണ് തോല്‍വിക്ക് കാരണമെന്നും പാണ്ഡ്യ പറഞ്ഞു. അതേസമയം ഇതൊരു യുവ ടീം ആണെന്നും അതുകൊണ്ട് പിഴവുകള്‍ സ്വാഭാവികമാണെന്നും പാണ്ഡ്യ പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിന്‍ഡീസിനെതിരായ ആദ്യ ടി 20 മത്സരത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ വിന്‍ഡീസ് 1-0 ത്തിന് മുന്നിലെത്തി.
' വിന്‍ഡീസിന്റെ സ്‌കോര്‍ പിന്തുടരുന്നതില്‍ ഞങ്ങള്‍ ശരിയായ വഴിയിലായിരുന്നു. ഞങ്ങള്‍ ചില പിഴവുകള്‍ വരുത്തി. നല്ല നിലയില്‍ പോകുകയായിരുന്ന കളി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് അവിടെയാണ്. ഒരു യുവ ടീം തെറ്റുകള്‍ വരുത്തുക സ്വാഭാവികമാണ്. ഞങ്ങള്‍ ഒന്നിച്ച് വളരും. ഈ കളിയുടെ നിയന്ത്രണം ഞങ്ങള്‍ക്ക് തന്നെയായിരുന്നു. മികച്ച നാല് കളികള്‍ കൂടി ശേഷിക്കുന്നുണ്ട്. ടി 20 ഫോര്‍മാറ്റില്‍ ഏതാനും വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ ഏത് ടോട്ടലും പിന്തുടരുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. അതാണ് ഇവിടെ ഞങ്ങള്‍ക്ക് സംഭവിച്ചത്. രണ്ട് നല്ല ഹിറ്റുകള്‍ വന്നിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറ്റാന്‍ കഴിയും. ഏതാനും വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ അത് ഞങ്ങളുടെ ചേസിങ്ങിന്റെ താളം തെറ്റിച്ചു,' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.