രേണുക വേണു|
Last Modified തിങ്കള്‍, 15 മെയ് 2023 (15:25 IST)
രാജസ്ഥാന്‍ റോയല്‍സിനെ 112 ന് തോല്‍പ്പിച്ച് നിര്‍ണായകമായ രണ്ട് പോയിന്റുകള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 10.3 ഓവറില്‍ 59 റണ്‍സിന് രാജസ്ഥാന്‍ ഓള്‍ഔട്ടായി. മത്സരശേഷം ആര്‍സിബി താരങ്ങളെല്ലാം വളരെ സന്തുഷ്ടരായിരുന്നു. ഡ്രസിങ് റൂമില്‍ വച്ചുള്ള വിരാട് കോലിയുടെ തമാശ സഹതാരങ്ങളെ ചിരിപ്പിച്ചു. താന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ രാജസ്ഥാന്‍ 40 റണ്‍സിന് ഓള്‍ഔട്ടാകുമായിരുന്നു എന്നാണ് കോലി പറഞ്ഞത്.
മത്സരത്തിനു ശേഷം ഡ്രസിങ് റൂമില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ബാംഗ്ലൂര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിഡിയോ ആയി പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണു വിരാട് കോലി അഭിപ്രായം പറഞ്ഞത്. ''ഞാന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍, അവര്‍ 40 റണ്‍സിന് ഓള്‍ ഔട്ടാകുമായിരുന്നു.''- വിരാട് കോലി അവകാശപ്പെട്ടു.
അതേസമയം ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടിയാണ് ആര്‍സിബിക്ക് ശേഷിക്കുന്നത്. രണ്ടിലും ജയിച്ചാല്‍ ആര്‍സിബി പ്ലേ ഓഫില്‍ എത്തും.