അഭിറാം മനോഹർ|
Last Modified ബുധന്‍, 23 ജൂലൈ 2025 (19:20 IST)
ലോര്‍ഡ്സില്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ നടന്ന സ്ലെഡ്ജിങ് സംഭവം ക്രിക്കറ്റ് ലോകം ഇപ്പോഴും ചര്‍ച്ചയാക്കുന്ന വിഷയമാണ്. മൂന്നാം ദിവസത്തിന്റെ അവസാന സമയത്താണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. അവസാന ദിനം വിക്കറ്റ് നഷ്ടമാകാതിരിക്കാനായി കളി വൈകിപ്പിച്ച് ഓവര്‍ കുറയ്ക്കാനാണ് മത്സരത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ശ്രമിച്ചത്. ഇതോടെ ഇന്ത്യന്‍ നായകന് ശുഭ്മാന്‍ ഗില്‍ അടക്കമുള്ള മുഴുവന്‍ ടീമും ഇംഗ്ലണ്ട് താരങ്ങളെ വളയുന്ന രീതിയിലാണ് ആക്രമണോത്സുകത പ്രകടിപ്പിച്ചത്. ഗില്‍ ആണെങ്കില്‍ ഒരുപടി കൂടി കടന്ന് ഓപ്പണര്‍ സാക് ക്രോളിക്കെതിരെ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍. മത്സരത്തിന്റെ മൂന്നാം ദിനത്തിന്റെ അവസാന ഘട്ടത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ 90 സെക്കന്‍ഡ് വൈകിയാണ് ക്രീസിലെത്തിയതെന്നാണ് ഗില്‍ പറയുന്നത്. മിക്ക ടീമുകളും ഒടുവിലത്തെ സമയം നീട്ടി കളി തടയാന്‍ ശ്രമിക്കാറുണ്ട്. ഇന്ത്യയാണ് ബാറ്റിങ്ങെങ്കിലും അങ്ങനെ ചെയ്തേനെ. പക്ഷേ അതിലൊരു മാന്യത വേണം. അതാണ് ലോര്‍ഡ്സില്‍ ലംഘിക്കപ്പെട്ടത്. ജസ്പ്രീത് ബുമ്രയുടെ പന്ത് സാക് ക്രോളിയുടെ ഗ്ലൗവില്‍ തട്ടി, ഫിസിയോ വരുന്നതും സഹായിക്കുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍ പ്രശ്നം സൃഷ്ടിച്ചത് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ 90 സെക്കന്‍ഡ് വൈകിയാണ് വന്നത് എന്നതാണ്. ഗില്‍ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ഈ പ്രതികരണങ്ങള്‍ക്ക് അതേ നാണയത്തിലാണ് മത്സരത്തില്‍ ഇംഗ്ലണ്ടും മറുപടി നല്‍കിയത്. ഇംഗ്ലണ്ടും ഇന്ത്യയെ പോലെ അഗ്രസീവാകണമെന്ന സന്ദേശമാണ് കോച്ചായ ബ്രെന്‍ഡന്‍ മക്കല്ലം ബാല്‍ക്കണിയില്‍ നിന്നും കളിക്കാര്‍ക്ക് നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം മത്സരശേഷം സ്ലെഡ്ജിങ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകുന്ന ഒന്നണെന്നും കളിയില്‍ അത് സ്വാഭാവികമാണെന്നുമാണ് ഇംഗ്ലണ്ട് നായകനായ ബെന്‍ സ്റ്റോക്സ് പ്രതികരിച്ചത്.