രേണുക വേണു|
Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2024 (08:26 IST)
India vs Bangladesh, 2nd T20I Scorecard: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ശേഷിക്കുന്ന ഒരു മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ 86 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 135 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് കളിയിലെ താരം. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകും മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ 200 കടത്തിയത് നിതീഷ് റെഡ്ഡിയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ്. 34 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 74 റണ്‍സാണ് നിതീഷ് നേടിയത്. ബൗളിങ്ങിലേക്കു വരുമ്പോള്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് കരസ്ഥമാക്കി. അര്‍ഷ്ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍.
നിതീഷ് റെഡ്ഡിക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത് അര്‍ധ സെഞ്ചുറി നേടിയ റിങ്കു സിങ്ങും (29 പന്തില്‍ 53), ഹാര്‍ദിക് പാണ്ഡ്യയും (19 പന്തില്‍ 32) ആണ്. റിങ്കു അഞ്ച് ഫോറും മൂന്ന് സിക്‌സും നേടി. രണ്ട് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് ഹാര്‍ദിക്കിന്റെ ഇന്നിങ്‌സ്. മലയാളി താരം സഞ്ജു സാംസണ്‍ ഏഴ് പന്തില്‍ പത്ത് റണ്‍സെടുത്ത് പുറത്തായി. അഭിഷേക് ശര്‍മ (11 പന്തില്‍ 15), നായകന്‍ സൂര്യകുമാര്‍ യാദവ് (10 പന്തില്‍ എട്ട്), റിയാന്‍ പരാഗ് (ആറ് പന്തില്‍ 15) എന്നിവര്‍ക്കും കാര്യമായി തിളങ്ങാനായില്ല. 41 റണ്‍സെടുത്ത മഹ്‌മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.