അഭിറാം മനോഹർ|
Last Modified ശനി, 10 ഓഗസ്റ്റ് 2024 (18:02 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ദയനീയമായ തോല്‍വി ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതായിരുന്നു. സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താത്ത ശ്രീലങ്കക്കെതിരെ 27 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ ഒരു പരമ്പര കൈവിടുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായതിന് ശേഷമുള്ള ആദ്യ ഏകദിന പരമ്പരയിലാണ് ടീം നാണംകെട്ട പ്രകടനം നടത്തിയത്.
പരമ്പരയില്‍ ബാറ്റര്‍മാരുടെ പരാജയമായിരുന്നു ഇന്ത്യന്‍ തോല്‍വിക്കും കാരണമായത്. ഇപ്പോഴിതാ ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഫോം ഔട്ടാണെങ്കില്‍ ഫോം വീണ്ടെടുക്കാനായി സൂപ്പര്‍ താരങ്ങള്‍ അടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ഗംഭീറിന്റെ പുതിയ നിര്‍ദേശം. ഇതോടെ യുവതാരങ്ങള്‍ മാത്രമല്ല സീനിയര്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിക്കേണ്ടിവരും.
വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ഫോം നഷ്ടപ്പെട്ടപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ താരങ്ങള്‍ അതിന് തയ്യാറല്ല. പക്ഷേ ടീമില്‍ തുടരണമെങ്കില്‍ ഫോം തെളിയിക്കുക അനിവാര്യമാണെന്നാണ് ഗംഭീറിന്റെ നിലപാട്. കോലിയടക്കമുള്ള താരങ്ങള്‍ ഇതോടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ കോലിയുടെ കാര്യത്തില്‍ ഗംഭീര്‍ വിട്ടുവീഴ്ച ചെയ്‌തേക്കാന്‍ സാധ്യതയേറെയാണ്.
ഐപിഎല്ലില്‍ പരസ്പരം വാക്‌പോര് നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിനുള്ളില്‍ താരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല. പ്രഫഷണലായാണ് ഇരുവരും കാര്യങ്ങളെ ഡീല്‍ ചെയ്യുന്നത്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായതിനാല്‍ തന്നെ കോലിയെ ഗംഭീര്‍ നിര്‍ബന്ധിക്കാന്‍ സാധ്യത അതിനാല്‍ തന്നെ കുറവാണ്. എന്നാല്‍ കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍,ഹാര്‍ദ്ദിക് പാണ്ഡ്യ മുതലായ താരങ്ങളെല്ലാം തന്നെ ഫോം തെളിയിക്കേണ്ട സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടതായി വരും.