ശെടാ, രണ്ട് ബാറ്റര്‍മാരും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍; എന്നിട്ടും ഔട്ടാക്കാന്‍ പറ്റിയില്ല ! ഇന്ത്യ-അയര്‍ലന്‍ഡ് മത്സരത്തിനിടെ സംഭവിച്ചത്

രേണുക വേണു| Last Modified ശനി, 19 ഓഗസ്റ്റ് 2023 (12:26 IST)

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മഴ പെയ്തു. പിന്നീട് ഒരോവര്‍ പോലും എറിയാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി.

ഓപ്പണര്‍മാരായ യഷസ്വി ജയ്‌സ്വാള്‍ (23 പന്തില്‍ 24), ഋതുരാജ് ഗെയ്ക്വാദ് (16 പന്തില്‍ പുറത്താകാതെ 19) എന്നിവര്‍ ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഈ കൂട്ടുകെട്ട് പിരിയേണ്ടതായിരുന്നു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ റണ്‍ഔട്ടിലൂടെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് തകര്‍ക്കാന്‍ അയര്‍ലന്‍ഡിന് അവസരം ലഭിച്ചതാണ്.
ജോഷ് ലിറ്റില്‍ എറിഞ്ഞ പന്ത് ജയ്‌സ്വാളിന്റെ തുടയില്‍ കൊണ്ട് സ്‌ക്വയര്‍ ലെഗിലേക്ക് പോകുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ഗെയ്ക്വാദ് സിംഗിളിനായി കോള്‍ ചെയ്തു. മാത്രമല്ല ഗെയ്ക്വാദ് അതിവേഗം ഓടി പിച്ചിന്റെ മധ്യത്തിലുമെത്തി. എന്നാല്‍ പകുതിയില്‍ നിന്ന് ഗെയ്ക്വാദ് തിരിച്ച് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിയതാണ് റണ്‍ഔട്ടിനുള്ള സാധ്യതയുണ്ടാക്കിയത്. ഗെയ്ക്വാദിന്റെ കോള്‍ കേട്ട് ജയ്‌സ്വാളും ഓടാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ രണ്ട് പേരും ഒന്നിച്ച് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ എത്തി. റൗണ്‍ഔട്ടിനുള്ള അവസരം ഉണ്ടായെങ്കിലും അയര്‍ലന്‍ഡിന് അത് ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :