അഡ്ലെയ്ഡിൽ വാർണർ ഷോ,പിങ്ക് ബോളിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി

അഭിറാം മനോഹർ| Last Modified ശനി, 30 നവം‌ബര്‍ 2019 (12:25 IST)
പാകിസ്താനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്ട്രേലിയൻ ഓപ്പണിങ് താരം ഡേവിഡ് വാർണർക്ക് ട്രിപ്പിൾ സെഞ്ചുറി. തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ ഓസീസ് താരം രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ തന്റെ കരിയറിലെ രണ്ടാം ഇരട്ടസെഞ്ചുറി കണ്ടെത്തിയിരുന്നു. 2015ൽ കിവീസിനെതിരെയാണ് വാർണർ ഇതിന് മുൻപ് ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിരുന്നത്. വെറും 260 പന്തിൽ
ഇരട്ടസെഞ്ചുറി സ്വന്തമാക്കിയ വാർണർ 389 പന്തിലാണ് കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ പിങ്ക് പന്തിൽ ആദ്യമായി ട്രിപ്പിൾ നേടുന്ന താരമെന്ന റെക്കോഡ് വാർണർ സ്വന്തമാക്കി.

ഒരു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന ശക്തമായ നിലയിൽ ഇന്ന് മത്സരമാരംഭിച്ച ഓസീസിന് തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ മാർനസ് ലാബുഷാഗ്നെയുടെയും സ്മിത്തിന്റെയും
വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 238 പന്തിൽ 162 റൺസാണ് താരം മത്സരത്തിൽ ലാബുഷാഗ്നെ സ്വന്തമാക്കിയത്. രണ്ടാം വിക്കറ്റിൽ 361 റൺസിന്റെ റെക്കോഡ് കൂട്ടുക്കെട്ടാണ്
വാർണർ-ലാബുഷാഗ്നെ സഖ്യം സ്വന്തമാക്കിയത്. ഇത് പിങ്ക് ബോൾ ടെസ്റ്റ് മത്സരങ്ങളിലെ ഏത് വിക്കറ്റിലേയും ഏറ്റവും മികച്ച കൂട്ടുക്കെട്ടും .അഡ്ലെയ്ഡിലെ ഏറ്റവും ഉയർന്ന കൂട്ടുക്കെട്ടുമാണ്. പാക് പേസർ ഷഹീൻ അഫ്രിദിക്കാണ് ഓസീസിന്റെ നഷ്ടപ്പെട്ട 3 വിക്കറ്റുകളും.

രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർബോർഡിൽ 8 റൺസ് ചേർക്കുന്നതിനിടയിൽ തന്നെ ഓപ്പണിങ് താരമായ ബേൺസിനെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ഒത്തു ചേർന്ന വാർണർ-ലാബുഷാഗ്നെ കൂട്ടുക്കെട്ട് ആദ്യ ടെസ്റ്റ് മത്സരത്തിലെ തുടർച്ച പോലെയാണ് രണ്ടാം ടെസ്റ്റിലും പാക് ബൗളർമാരോട് പെരുമാറിയത്. ഒന്നാം ടെസ്റ്റിന്റെ തുടർച്ചയായി ലാബുഷാഗ്നെ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി പുറത്തായി.

എന്നാൽ ടെസ്റ്റ് കരിയറിലെ 23മത് സെഞ്ചുറി കണ്ടെത്തിയ വാർണർ തന്റെ രണ്ടാം ഇരട്ടസെഞ്ചുറിയിലേക്കും അവിടെ നിന്ന് ആദ്യ ട്രിപ്പിൾ സെഞ്ചുറിയിലേക്കും കുതിച്ചു. ആഷസ് പരമ്പരയിൽ ഓസീസ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു വാർണർ കാഴ്ചവെച്ചിരുന്നത്. എന്നാൽ ആഷസിലെ എല്ലാ ക്ഷീണവും തീർക്കുന്ന തരത്തിലാണ് പാകിസ്താനെതിരായ ആദ്യ ടെസ്റ്റിലും പിന്നീട് വന്ന രണ്ടാമത് മത്സരത്തിലും വാർണർ കളിച്ചത്.

ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസീസ് 557 റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിലാണ് 312 റൺസോടെ ഡേവിഡ് വാർണറും 29 റൺസെടുത്ത മാത്യൂ വെയ്ഡുമാണ് ഇപ്പോൾ ക്രീസിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :