വിശാഖപട്ടണം|
സജിത്ത്|
Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (11:14 IST)
ഏകദിന പരമ്പയിലെ അവസാന മത്സരത്തില്‍ പരമ്പരനേട്ടം ലക്ഷ്യമിട്ട് ഇന്ത്യയും ന്യൂസിലാന്‍ഡും ഇന്നിറങ്ങുന്നു. ഈ മത്സരത്തില്‍ ഒരു മികച്ച വിജയം ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണ്. മത്സരം ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ തൽസമയം.
ബാറ്റിങ്ങിലെ മുന്‍നിരയുടെ ഫോമില്ലായ്മയാണ് ധോണിപ്പടയെ വലയ്ക്കുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയ്ക്കും അജിങ്കെ രഹാനെയ്ക്കും ഇതുവരെ ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ല. മധ്യനിരയുടെ സ്ഥിരതയില്ലായ്മയും ടീമിനെ അലട്ടുന്നുണ്ട്. കോഹ്ലി തിളങ്ങിയാല്‍ മാത്രമേ
ഇന്ത്യ ജയിക്കൂ എന്ന അവസ്ഥയാണ് ഇപ്പോളുള്ളത്.
ബാറ്റിങ്ങ് മികവില്‍ ധോണി മാത്രമാണ് കോഹ്ലി കഴിഞ്ഞാല്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. അതേസമയം ഇന്ത്യയുടെ ബൗളിങ് നിര സുശക്തമാണ്. കൃത്യതയോടെ പന്തെറിയുന്ന ഇന്ത്യന്‍ ബോളര്‍മാര്‍ ഒരു മത്സരത്തില്‍ പോലും കിവീസിന്റെ സ്‌കോര്‍ 300 കടക്കാന്‍ അനുവദിച്ചിട്ടില്ലയെന്നതും ശ്രദ്ദേയമാണ്.
എന്നാല്‍ ഓപ്പണര്‍മാര്‍ ഫോമിലെത്തിയതിന്റെ ആശ്വാസത്തിലാണ് കിവീസ് നിര. നാല് മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്. കൂടാതെ ചരിത്രനേട്ടം ലക്ഷ്യമിട്ടാണ് തങ്ങള്‍ അഞ്ചാം ഏകദിനത്തിനിറങ്ങുന്നതെന്ന് സൗത്തി വ്യക്തമാക്കുകയും ചെയ്തു.