'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'; ഇത്രയും മോശം ടീം വേറെയില്ലെന്ന് ആരാധകര്‍, കൈവിട്ടത് ജയം ഉറപ്പിച്ച മത്സരം

ഒരു സമയത്ത് ജയം ഉറപ്പിച്ച മത്സരമാണ് ഹൈദരബാദ് അലസത കാരണം കൈവിട്ടത്

രേണുക വേണു| Last Modified വെള്ളി, 5 മെയ് 2023 (08:46 IST)
വിജയം ഉറപ്പിച്ച മത്സരം കൈവിട്ട് സണ്‍റൈസേഴ്‌സ് ഹൈദരബാദ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഹൈദരബാദ് അഞ്ച് റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഹൈദരബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 166 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഒരു സമയത്ത് ജയം ഉറപ്പിച്ച മത്സരമാണ് ഹൈദരബാദ് അലസത കാരണം കൈവിട്ടത്. അവസാന ഓവറില്‍ ഹൈദരബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും ഒന്‍പത് റണ്‍സ് മാത്രമായിരുന്നു. ആറ് ബോളില്‍ ഒന്‍പത് റണ്‍സ് ഹൈദരബാദ് എളുപ്പം നേടുമെന്ന് തോന്നിയതാണ്. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉപയോഗിച്ച് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ അത് പ്രതിരോധിച്ചു. നാല് വിക്കറ്റ് ശേഷിക്കെ 18 പന്തില്‍ ജയിക്കാന്‍ 26 എന്ന നിലയിലേക്ക് ഹൈദരബാദ് എത്തിയതാണ്. അവിടെ നിന്നാണ് അഞ്ച് റണ്‍സിന്റെ തോല്‍വി.

ഐപിഎല്ലിലെ ഏറ്റവും മോശം ടീമാണ് ഹൈദരബാദെന്നാണ് ആരാധകരുടെ കമന്റ്. വളരെ എളുപ്പം ജയിക്കേണ്ട കളികള്‍ വരെ തോറ്റു കൊടുക്കുകയാണ് ഈ ടീം. സ്വന്തം ആരാധകരെ മണ്ടന്‍മാരാക്കുകയാണ് ഹൈദരബാദ് ചെയ്യുന്നതെന്നും നിരവധി പേര്‍ പരിഹസിച്ചു. ഐപിഎല്ലില്‍ ഇത്രയും ദാരിദ്ര്യം പിടിച്ച ടീം വേറെയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ഹിറ്റര്‍മാര്‍ ഉണ്ടായിട്ടും ഒരാള്‍ പോലും നേരാവണ്ണം പണിയെടുക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :