ബാബർ അസം: ട്രോഫി-0, രാജിക്കത്ത് രണ്ടെണ്ണം, ട്രോളിൽ മുങ്ങി പാക് സൂപ്പർ താരം

Babar Azam
അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2024 (10:46 IST)
Babar Azam
പാകിസ്ഥാന്റെ ലിമിറ്റഡ് ഓവര്‍ നായകസ്ഥാനം രണ്ടാമതും രാജിവെച്ചതോടെ പാക് താരം ബാബര്‍ അസമിനെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസമാണ് ബാബര്‍ പാക് ക്യാപ്റ്റന്‍സി സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പരിഹാസവുമായി രംഗത്ത് വന്നത്.

ഏറെ നാളായി പാകിസ്ഥാന്‍ നായകനായിരുന്ന ബാബര്‍ അസമിന് ഐസിസി ട്രോഫികളേക്കാള്‍ കൂടുതല്‍ രാജികളാണ് അക്കൗണ്ടിലുള്ളതെന്നാണ് ബാബറിന് നേരെയുള്ള പ്രധാന പരിഹാസം. കഴിഞ്ഞ ഏകദിന, ടി20 ലോകകപ്പില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാന്‍ 2 ടൂര്‍ണമെന്റിലും നാണം കെട്ടിരുന്നു. ടി20 ലോകകപ്പില്‍ പുതിയ ക്രിക്കറ്റ് രാജ്യമായ അമേരിക്കയോട് പോലും പാകിസ്ഥാന്‍ പരാജയപ്പെട്ടതോടെ ബാബര്‍ അസമിനെതിരെയും പാക് ക്രിക്കറ്റ് ടീമിനെതിരെയും വിമര്‍ശനം രൂക്ഷമായിരുന്നു.

2021ലെ ടി20 ലോകകപ്പില്‍ സെമി ഫൈനലിലും 2022ലെ ടി20 ലോകകപ്പില്‍ ഫൈനലിലും എത്താന്‍ പാകിസ്ഥാന്‍ ടീമിനായിരുന്നു. എന്നല്‍ 2022ന് ശേഷം തുടര്‍ച്ചയായ ദയനീയമായ പ്രകടനങ്ങളാണ് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പാകിസ്ഥാന്‍ നടത്തുന്നത്. ബാബര്‍ അസം രാജിവെയ്ക്കുന്നതോടെ ശദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി,മുഹമ്മദ് റിസ്വാന്‍ എന്നീ താരങ്ങളില്‍ ആര്‍ക്കെങ്കിലുമാകും പാക് നായകനാകുവാന്‍ നറുക്ക് വീഴുക. നേരത്തെ ബാബര്‍ രാജിവെച്ച സാഹചര്യത്തില്‍ പാക് ടീമിനെ നയിച്ചത് ഷഹീനായിരുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ദയനീയമായ പ്രകടനമാണ് ഷഹീന്‍ നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :