'സമ്പൂര്‍ണ ദുരന്തം, 2023 ലെ ഏകദിന ലോകകപ്പ് തോല്‍വിക്കു തുല്യം'; ഇന്ത്യയുടെ പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍

സ്വന്തം നാട്ടില്‍ പാക്കിസ്ഥാന്‍ തോറ്റതു പോലെയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രകടനം

India
രേണുക വേണു| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (17:28 IST)
India

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാല്‍ അത് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വെച്ചുനടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റതിനു തുല്യമാണെന്നു ആരാധകര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ആരാധകര്‍ സങ്കടം പരസ്യമാക്കിയത്. ഹോം ടെസ്റ്റില്‍ ഇന്ത്യ ഇത്ര ദയനീയമായ പ്രകടനം നടത്തുന്നത് ചരിത്രത്തില്‍ പോലും ഉണ്ടാകില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

' സമ്പൂര്‍ണ ദുരന്തം. ഹോം മത്സരങ്ങളിലുണ്ടായിരുന്ന സമ്പൂര്‍ണ ആധിപത്യത്തിനു അവസാനമാകുന്നു. ഈ പരമ്പര നഷ്ടമായാല്‍ അത് 2023 ഏകദിന ലോകകപ്പ് തോല്‍വിക്കു തുല്യമാകും. വലിയ വിഷമം തോന്നുന്നു'

' സ്വന്തം നാട്ടില്‍ ഇങ്ങനെയൊരു നാണക്കേട് പ്രതീക്ഷിച്ചില്ല. ഈ പരമ്പര നഷ്ടമായാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു യോഗ്യത നേടിയിട്ടും കാര്യമില്ല'

' സ്വന്തം നാട്ടില്‍ പാക്കിസ്ഥാന്‍ തോറ്റതു പോലെയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രകടനം. നമ്മള്‍ തന്നെ പിച്ച് ഉണ്ടാക്കിയിട്ട് അതില്‍ നമ്മള്‍ തന്നെ നാണംകെട്ടു തോല്‍ക്കുന്ന അവസ്ഥ'

തുടങ്ങി ഒട്ടേറെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. പൂണെയില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യ പ്രതിരോധത്തിലാണ്. മൂന്ന് ദിനങ്ങള്‍ ശേഷിക്കെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ രണ്ടാം ഇന്നിങ്‌സില്‍ അത്ഭുതങ്ങള്‍ ചെയ്താല്‍ മാത്രമേ രണ്ടാം ടെസ്റ്റില്‍ ജയസാധ്യതകള്‍ ഉള്ളൂ. പൂണെ ടെസ്റ്റ് കൂടി തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :