ഹൈദരാബാദ്|
jibin|
Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (12:53 IST)
ഇതിഹാസ താരം
ബ്രയാൻ ലാറ ഉള്‍പ്പെട്ട ടീമിനു പോലും ഇന്ത്യയില്‍ പരമ്പര നേട്ടം സാധ്യമായിട്ടില്ലെന്ന് വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ ജേസൺ ഹോൾഡർ. ഇന്ത്യക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്കോട്ടിലെ ആദ്യ ടെസ്‌റ്റിലെ തോല്‍വിക്ക് പിന്നാലെ ഞങ്ങളെ വിമര്‍ശിക്കാന്‍ നിരവധി പേര്‍ രംഗത്തുണ്ട്. ലാറ
ഉള്‍പ്പെട്ട മികച്ച ടീമുമായി വന്നിട്ട് പോലും ഇന്ത്യയില്‍ വിന്‍ഡീസിന് ജയം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ലോകത്തിലെ ഒന്നാം നമ്പർ ടീമിനെതിരെയാണ് ഞങ്ങൾ കളിക്കുന്നത്. അവരുടെ നാട്ടില്‍ ആവരെ പരാജയപ്പെടുത്തുക നിസാര കാര്യമല്ലെന്നും ഹോൾഡർ പറഞ്ഞു.
വിന്‍ഡീസ് താരങ്ങള്‍ക്ക് താല്‍പ്പര്യം
ട്വന്റി-20 മത്സരങ്ങളിലാണെന്ന കാൾ ഹൂപ്പറിന്റെ വിമര്‍ശനം കാര്യമാക്കുന്നില്ല.
“ ഈ പരമ്പരയില്‍ എനിക്കും ടീമിനും എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രധാനം. അക്കാര്യത്തിലാണ് ഞങ്ങളുടെ ശ്രദ്ധ. മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതില്‍ കാര്യമില്ല. അവര്‍ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും” - എന്നും ഹോൾഡർ തുറന്നടിച്ചു.
ടീമിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പരമ്പര വിജയങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അവസാനം കളിച്ച രണ്ടുമൂന്നു പരമ്പരകളിൽ വലിയ ടീമുകളെ ഞങ്ങൾ തോൽപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലോ അഞ്ചോ പരമ്പരകളിൽ രണ്ടെണ്ണമെങ്കിലും ഞങ്ങൾ ജയിച്ചു. എന്നിട്ടും ടീമിനെ വിമര്‍ശിക്കാനുള്ള ചിലരുടെ താല്‍പ്പര്യത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ടീം ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് ട്വന്റി-20 മത്സരങ്ങളിലാണ്. ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണെങ്കിലും ടെസ്‌റ്റില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുവെന്നും
ജേസൺ ഹോൾഡർ കൂട്ടിച്ചേര്‍ത്തു.