T20 Worldcup: ഓസീസിനോട് തോറ്റു, ലോകകപ്പിൽ നിലവിലെ ചാമ്പ്യൻ ഇംഗ്ലണ്ടും പുറത്താകലിൻ്റെ വക്കിൽ

England Team, Worldcup
അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജൂണ്‍ 2024 (08:41 IST)
Team, Worldcup
ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ 201 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു.2 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ പാറ്റ് കമ്മിന്‍സ്,ആഡം സാം എന്നിവരാണ് ഇംഗ്ലണ്ടിന് തകര്‍ത്തത്. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ 4 പോയന്റുമായി ഓസീസ് ഒന്നാമതെത്തി. 3 പോയന്റുകളുള്ള സ്‌കോട്ട്ലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാമതുള്ളത്. ഒരു പോയന്റ് മാത്രമുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ അവസാനസ്ഥാനക്കാരാണ്.

നേരത്തെ സ്‌കോട്ട്ലന്‍ഡുമായുള്ള മത്സരം മഴ മൂലം നഷ്ടമായ ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടിയാണ് ഇന്നലെ ഓസീസിനെതിരെ നേരിട്ട തോല്‍വി. ഓപ്പണര്‍മാര്‍ തിളങ്ങിയെങ്കിലും പിന്നീട് ക്രീസിലെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഓസീസിനെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടത്. 42 റണ്‍സുമായി ജോസ് ബട്ട്ലറും 37 റണ്‍സുമായി ഫില്‍ സാള്‍ട്ടും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഓസീസിനായി ഡേവിഡ് വാര്‍ണര്‍ 39 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ട്രാവിസ് ഹെഡ്(34),മിച്ചല്‍ മാര്‍ഷ്(35),ഗ്ലെന്‍ മാക്‌സ്വെല്‍(28),മാര്‍ക്കസ് സ്റ്റോയ്‌നിസ്(30) എന്നിവരും ഓസീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങി.

ഓസീസിനെതിരെയും പരാജയപ്പെട്ടതൊടെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഒമാനെതിരെയും നമീബിയക്കെതിരെയും ഇംഗ്ലണ്ടിന് വിജയിക്കേണ്ടതുണ്ട്. മികച്ച റണ്‍റേറ്റില്‍ ഈ ടീമുകള്‍ക്കെതിരെ വിജയിക്കാനായാല്‍ ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി മുന്നേറാന്‍ ഇംഗ്ലണ്ടിന് സാധിക്കും. എന്നാല്‍ ഓസീസിനെ ഗ്രൂപ്പില്‍ സ്‌കോട്ട്ലന്‍ഡോ നമീബിയയോ അട്ടിമറിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :