Sumeesh|
Last Updated:
ബുധന്‍, 23 മെയ് 2018 (21:27 IST)
ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡിവില്ലിയേഴ്‌സിന്റെ
വിരമിക്കൽ പ്രഖ്യാപനം. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് തന്റെ ഔദ്യോഗിക ആപ്പിലൂടെ അറിയിച്ചു.
‘അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഞാൻ വിരമിച്ചിരിക്കുന്നു. ഞാനാകെ ക്ഷീണിതനാണ്. ക്രിക്കറ്റിൽ നിന്നും വിരമിക്കുക എന്ന തീരുമാനത്തിലെത്തിയത് വലിയ വിഷമത്തോടെയാണ്. പക്ഷെ ക്രിക്കറ്റിനോട് വിടപറയാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണ് എന്ന് കരുതുന്നു‘ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുകൊണ്ട് താരം പറഞ്ഞ വാക്കുകളാണ് ഇത്.
ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് എ ബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 114 ടെസ്റ്റുകളും 228 ഏകദിനവും 78 ടി20യും ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുണ്ട്. 2004ൽ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.
എറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ച്വറിയും ഏകദിന സെഞ്ച്വറിയും ഇപ്പോഴും ഡിവില്ലിയേഴ്സിന്‍റെ
പെരിൽ തന്നെയാണ്. ക്രിക്കറ്റ് ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്താണ് ഡിവില്ലിയേഴ്‌സ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇനി ദേശീയ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനായി ദക്ഷിണാഫ്രിക്കയിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.