അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (11:33 IST)
ഇക്കഴിഞ്ഞ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ 2-0ന്റെ നാണംകെട്ട പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് തങ്ങളുടെ പഴയ പ്രതാപത്തിന്റെ ഏഴയലത്തില്ലാഞ്ഞിട്ടും 1997ന് ശേഷം ആദ്യമായാണ് ഇന്ത്യ ശ്രീലങ്കയോട് ഒരു പരമ്പര അടിയറവ് വെയ്ക്കുന്നത്. ശ്രീലങ്കയിലെ സ്പിന്‍ ട്രാക്കുകളില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാരെ നേരിടാനാകാതെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പരുങ്ങിയതായിരുന്നു ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മ മാത്രമാണ് ശ്രീലങ്കന്‍ ബൗളിംഗിനെതിരെ പിടിച്ചുനിന്നത്.
ലോകോത്തര ബാറ്ററായിരുന്നിട്ടും 24,14,20 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ സ്‌കോറുകള്‍. ഇപ്പോഴിതാ ഇതിന് കാരണമായത് ശ്രീലങ്കയിലെ പിച്ചാണെന്നും കോലിയുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ദിനേഷ് കാര്‍ത്തിക്. ഈ പരമ്പരയില്‍ കോലിയോ, രോഹിത്തോ ആരുമാകട്ടെ 8-30 വരെയുള്ള ഓവറുകളില്‍ ബാറ്റ് ചെയ്യുക എന്നത് ദുഷ്‌കരം തന്നെയായിരുന്നു. ഇതില്‍ ഇന്ത്യയ്ക്ക് പേടിക്കാനായി ഒന്നുമില്ല. ചില പിച്ചുകള്‍ അങ്ങനെയാണ്. സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ ദുഷ്‌കരമായ പിച്ചായിരുന്നു അത്. ഞാന്‍ കോലിയെ പിന്തുണയ്ക്കുകയല്ല.എങ്കിലും പറയട്ടെ ആ പിച്ചുകളില്‍ സ്പിന്‍ കളിക്കുക എന്നത് പ്രയാസകരമാണ്. ദിനേഷ് കാര്‍ത്തിക് പറഞ്ഞു.