'അത് വലിയൊരു മണ്ടത്തരം'; രണ്ടാം ട്വന്റി 20 യില്‍ പന്തിന്റെ ബാറ്റിങ് ഓര്‍ഡര്‍ പരീക്ഷണം അമ്പേ പരാജയം

രേണുക വേണു| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (15:36 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ തോറ്റ ഇന്ത്യ പ്രതിരോധത്തിലാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ സാധിക്കൂ. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരു ജയം മതി പരമ്പര സ്വന്തമാക്കാന്‍.

രണ്ടാം ട്വന്റി 20 യില്‍ വെറും 148 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് ശേഷിക്കെ അത് മറികടക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ മാത്രമാണ് 30 റണ്‍സില്‍ കൂടുതല്‍ എടുത്തത്.

ദിനേശ് കാര്‍ത്തിക്കിനെ അക്ഷര്‍ പട്ടേലിന് ശേഷം ബാറ്റ് ചെയ്യാന്‍ ഇറക്കിയത് ഇന്ത്യന്‍ നായകന്‍ റിഷഭ് പന്ത് ചെയ്ത മണ്ടത്തരമാണെന്ന് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ദിനേശ് കാര്‍ത്തിക്കിനെ പോലൊരു പരിചയസമ്പത്തുള്ള താരം അക്ഷര്‍ പട്ടേലിന് മുന്‍പ് ബാറ്റ് ചെയ്യാന്‍ എത്തേണ്ടതായിരുന്നു എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. അക്ഷര്‍ പട്ടേല്‍ ആറാമനായി ക്രീസിലെത്തിയപ്പോള്‍ ഏഴാമതാണ് കാര്‍ത്തിക് ഇറങ്ങിയത്. കുറച്ച് അധികം ബോളുകള്‍ കൂടി നേരിടാന്‍ ദിനേശ് കാര്‍ത്തിക്കിന് സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ടോട്ടല്‍ ഉയരുമായിരുന്നു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :