അഭിറാം മനോഹർ|
Last Modified ശനി, 25 ഏപ്രില്‍ 2020 (12:00 IST)
പിറന്നാൾ ദിനത്തിൽ സച്ചിൻടെൻഡുൽക്കറുടെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്‌സ് തിരഞ്ഞെടുത്ത് ഐസിസി.1998ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കോ കോള കപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 131 പന്തില്‍ നേടിയ 143 റണ്‍സാണ് ഐസിസി വോട്ടിങ്ങിലൂടെ മികച്ച ഇന്നിങ്സായി തിരഞ്ഞെടുത്തത്.4216 പേര്‍ വോട്ട് ചെയ്തതയില്‍ 50 .9 ശതമാനം വോട്ടാണ് ഷാര്‍ജയിലെ ഇന്നിംഗ്സിന് ലഭിച്ചത്.പാകിസ്ഥാനെതിരായ 98 റൺസിന്റെ ഇന്നിങ്സ് 49.1% വോട്ട് നേടി രണ്ടാമതെത്തി.
ഒമ്പത് ഫോറും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു പിന്നീട് ഷാർജയിലെ മരുക്കാറ്റ് എന്ന പേരിൽ പ്രശസ്തമായ സച്ചിന്റെ പ്രസിദ്ധമായ ഇന്നിങ്സ്. ഈ മത്സരത്തിൽ മാന്ത്രിക സ്പിൻ ബൗളർ ഷെയ്‌ൻ വോണിനെ ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി തലയ്ക്ക് മുകളിലൂടെ സച്ചിന്‍ സിക്സറിന് പറത്തുന്ന കാഴ്ച ക്രിക്കറ്റ് ആരാധകര്‍ എങ്ങനെ മറക്കാനാണ്. ആ ദൃശ്യങ്ങൾ ഓർത്ത് പലപ്പോഴും ഉറക്കം വരെ നഷ്ടപ്പെട്ടെന്ന് പിൻകാലത്ത് ഷെയ്‌ൻ വോൺ തന്നെ പറയുകയും ചെയ്‌തു.
മത്സരം 26 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുക്കാന്‍ സച്ചിന്റെ ഇന്നിങ്ങ്‌സിനായി. ഫൈനലിൽ വീണ്ടുമൊരു സെഞ്ചുറി പ്രകടനത്തോടെ
സച്ചിൻ ഇന്ത്യക്ക് കിരീടവും സമ്മാനിച്ചു.