സംഗക്കാരയും ദിൽഷനുമെല്ലാം പോയതോടെ ഒന്നുമല്ലാതായി മാറിയ ലങ്ക, ശ്രീലങ്കൻ ക്രിക്കറ്റിനെ ഉയിർത്തെണീപ്പിച്ചത് ഷനകയുടെ ക്യാപ്റ്റൻസി

അഭിറാം മനോഹർ| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (19:07 IST)
ലോക ക്രിക്കറ്റിലെ വമ്പന്‍ ശക്തികളുടെ പട്ടികയെടുക്കുമ്പോള്‍ ഒരു പക്ഷേ ശ്രീലങ്ക എന്ന കുഞ്ഞന്‍ ദ്വീപ് രാജ്യം ഇന്ന് ആ പട്ടികയുടെ ആദ്യപേരുകളില്‍ ഉള്‍പ്പെടുന്ന ഒരു പേരായിരിക്കില്ല. എന്നാല്‍ ഒന്നുമില്ലായ്മയില്‍ നിന്നും വന്ന് ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങള്‍ തന്നെ സൃഷ്ടിച്ച പാരമ്പര്യമുണ്ട് ശീലങ്കന്‍ ക്രിക്കറ്റിന്. ക്രിക്കറ്റിലെ വമ്പന്മാരെ തോല്‍പ്പിച്ച് 1996ലെ ലോകകിരീടം സ്വന്തമാക്കിയാണ് ശ്രീലങ്ക ലോക ക്രിക്കറ്റില്‍ വരവറിയിച്ചത്.

ആദ്യ 10-15 ഓവറുകള്‍ വിക്കറ്റ് വീഴാതെ പിടിച്ചുനില്‍ക്കുക എന്ന പഴഞ്ചന്‍ ശൈലിയെ ജയസൂര്യയും കലുവിതരണയും കൂടി തച്ചുടച്ചപ്പോള്‍ 1996ലെ ലോകകിരീടം ശ്രീലങ്കയ്ക്ക് സ്വന്തമായി. തുടര്‍ന്ന് 2014-15 കാലഘട്ടം വരെയും ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയായിരുന്നു ശ്രീലങ്ക. എന്നാല്‍ തിലകരത്‌നെ ദില്‍ഷന്‍, കുമാര്‍ സംഗക്കാര, ലസിത് മലിംഗ,ജയവര്‍ധനെ എന്നിങ്ങനെ പഴയ ശ്രീലങ്കന്‍ താരങ്ങളുടെ സുവര്‍ണ്ണ തലമുറയിലെ എല്ലാവരും തന്നെ പടിയിറങ്ങിയപ്പോള്‍ വലിയ ശൂന്യത മാത്രമാണ് ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അവശേഷിച്ചത്. ക്രിക്കറ്റ് ലോകത്തെ കരുത്തരില്‍ നിന്നും കുഞ്ഞന്മാരിലേക്കുള്ള ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പതനം വളരെ പെട്ടെന്നായിരുന്നു.

ഏയ്ഞ്ചലോ മാത്യൂസിന്റെ കീഴില്‍ നിരന്തരം പരമ്പരകള്‍ പരാജയപ്പെടുന്നതിനിടെ 2019ല്‍ പാകിസ്ഥാനില്‍ നടന്ന ടി20 പരമ്പരയോടെയാണ് പിന്നീട് ശ്രീലങ്കന്‍ ക്രിക്കറ്റ് ഉയിര്‍ത്തെണീക്കുന്നത്. 2009ല്‍ പാകിസ്ഥാനില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ പല കളിക്കാരും അന്ന് തയ്യാറായില്ല. അങ്ങനെയാണ് 2019ലെ പരമ്പരയില്‍ ടീം നായകനായി ദസൂന്‍ ഷനകയെന്ന 28കാരന്‍ തിരെഞ്ഞെടുക്കപ്പെടുന്നത്.
3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ യുവതാരങ്ങളുമായെത്തി എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ഷനകയുടെ ശ്രീലങ്കന്‍ നിരയ്ക്ക് സാധിച്ചു. അവിടെ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റിന് മറ്റൊരു അദ്ധ്യായം തന്നെ എഴുതുകയായിരുന്നു ഷനക. സീരീസിന് പിന്നാലെ ഓള്‍റൗണ്ടറായ ഷനക ശ്രീലങ്കയുടെ മുഴുവന്‍ സമയ നായകനായി മാറി. ഇന്ത്യക്കെതിരെ ടി20 പരമ്പരയും ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയും നേടികൊണ്ട് ഷനകയുടെ സംഘം തങ്ങളുടെ വരവറിയിച്ചു. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലൂടെ കണ്ടെത്തിയ പുതിയ സംഘം കളിക്കാരുടെ സാന്നിധ്യം ടീമിനെ അപകടകാരികളാക്കി മാറ്റിയത് വളരെ പെട്ടെന്നയിരുന്നു.

2021ലെ ടി20 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് ഷനകയായിരുന്നു. വലിയ അത്ഭുതങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ ആ ടൂര്‍ണമെന്റ് അവസാനിക്കുകയും ചെയ്തു. എന്നാല്‍ യുഎഇയില്‍ സംഘടിപ്പിക്കപ്പെട്ട ഏഷ്യാകപ്പ് പോരാട്ടത്തില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇന്ത്യയേയും പരാജയപ്പെടുത്തി ശ്രീലങ്ക ഫൈനലില്‍ കടന്നു. ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യയിലെ പുതിയ രാജാവായി മാറുകയും ചെയ്തു. 2023ലെ ഏകദിന ലോകകപ്പ് ക്വാളിഫയര്‍ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പില്‍ യോഗ്യത നേടാനും ഷനകയുടെ സംഘത്തിനായി. 2023ലെ എഷ്യാകപ്പില്‍ ഫൈനലില്‍ ഇന്ത്യയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന സൂചനാണ് ടൂര്‍ണമെന്റ് മുന്നോട്ട് വെച്ചത്. ഏഷ്യാകപ്പിലെ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഷനക നായകസ്ഥാനം ഒഴിയുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ലങ്കന്‍ ക്രിക്കറ്റില്‍ നിന്നും വരുന്നത്. ലോകകപ്പിന് മുന്‍പ് ഷനക രാജി വെയ്ക്കുകയാണെങ്കില്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഉയിര്‍ത്തെണീപ്പിച്ച നായകനെയാകും ലോകകപ്പില്‍ ലങ്കയ്ക്ക് നഷ്ടമാകുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :