മിന്നൽ വേഗത്തിൽ തിരിച്ചു ഗാലറിയിലെത്തുന്നു, ഇമ്പാക്ട് താരമായി റായിഡു എന്തിന്?

അഭിറാം മനോഹർ| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (17:54 IST)
ഇന്ത്യൻ പ്രീമിയർ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നടത്തുന്നത്. ബൗളിംഗിൽ പറയത്തക്ക താരങ്ങൾ ഇല്ലെങ്കിലും ഡെവോൺ കോൺവെയും റുതുരാജ് ഗെയ്ക്ക്വാദും രഹാനെയും ശിവം ദുബെയുമടങ്ങുന്ന ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് ചെന്നൈയ്ക്ക് വേണ്ടി കാഴ്ചവെയ്ക്കുന്നത്. എന്നാൽ ഇമ്പാക്ട് താരമായി തുടർച്ചയായി പരീക്ഷിക്കപ്പെട്ടിട്ടും ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ വെറ്ററൻ താരമായ അമ്പാട്ടി റായിഡുവിന് ഈ സീസണിൽ കഴിഞ്ഞിട്ടില്ല.

ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിലും ഇമ്പാക്ട് താരമായി റായിഡു കളത്തിലെത്തിയിരുന്നു. എന്നാൽ വന്നതിലും വേഗത്തിലായിരുന്നു താരത്തിൻ്റെ മടക്കം. ഇതോടെ റായിഡുവിനെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സീസണിലെ 8 മത്സരങ്ങളിൽ ഏഴിലും റായിഡു ബാറ്റിങ്ങിനിറങ്ങി. 136 സ്ട്രൈക്ക്റേറ്റിൽ 16.6 എന്ന ബാറ്റിംഗ് ശരാശരിയിൽ 83 റൺസ് മാത്രമാണ് സീസണിൽ താരം സ്വന്തമാക്കിയത്.

റായിഡു മികച്ച താരമാണ് എന്നതിൽ തർക്കമില്ലെന്നും എന്നാൽ പ്രായം താരത്തെ തളർത്തുന്നുവെന്ന് ചെന്നൈ മനസിലാക്കണമെന്നും ആരാധകർ പറയുന്നു. കളിക്കളത്തിൽ പഴയ ഫിറ്റ്നസ് ഇല്ലാത്ത താരത്തെ ഇമ്പാക്ട് പ്ലെയറായി പരിഗണിക്കുന്നത് അവസാനിപ്പിച്ച് മറ്റ് താരങ്ങൾക്ക് അവസരം നൽകണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :