അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ഡിസംബര്‍ 2019 (10:34 IST)
ഇന്ത്യാ വിൻഡീസ് നിർണായക രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 171 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 18.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മത്സരം കൈപ്പിടിയിലൊതുക്കിയത്. ഫീൽഡിങ്ങിലെ പരാജയമാണ് ഇന്ത്യൻ പരാജയത്തിൽ നിർണായകമായ പങ്ക് വഹിച്ചത്.
ആദ്യ മത്സരത്തിന്റെ തുടർച്ചയായ ഫീൽഡിങ് പരാജയം രണ്ടാം മത്സരത്തിലും തുടർന്നപ്പോൾ ഇന്ത്യൻ ഫീൽഡർമാർ തുടർച്ചയായി ക്യാച്ചുകൾ കൈവിടുന്ന കാഴ്ചയാണ് മത്സരത്തിൽ ബാക്കിയായത്. വിൻഡീസ് ഓപ്പണർമാരായ ലൂയിസിനെ പുറത്താക്കാനുള്ള അവസരം പന്തും സമ്മിൺസിനെ പുറത്താക്കാനുള്ള അവസരം വാഷിങ്ടൺ സുന്ദറും അഞ്ചാം ഓവറിൽ പാഴാക്കി. രണ്ടുപേരും ചേർന്ന് ആദ്യ വിക്കറ്റിൽ 73 റൺസാണ് മത്സരത്തിൽ അടിച്ചെടുത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യൻ ടീം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. വിരാട് കോലിയും(19),രോഹിത് ശർമ്മയും(15) കെ എൽ രാഹുലും(11) അടക്കമുള്ള വമ്പൻ താരങ്ങൾ തീർത്തും നിറം മങ്ങിയപ്പോൾ കന്നി അർധസെഞ്ചുറിയുമായി ശിവം ദുബൈയും(54) ഋഷഭ് പന്തുമാണ്(33*)ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ശ്രേയസ് അയ്യർക്കും രവീന്ദ്ര ജഡേജക്കും മത്സരത്തിൽ തിളങ്ങാനായില്ല.
എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ഫീൽഡർമാരും കൈയയച്ച് സഹായിച്ചപ്പോൾ മത്സരം വിൻഡീസ് സ്വന്തമാക്കുന്ന കാഴ്ച്ചക്കായിരുന്നു കാര്യവട്ടം സാക്ഷിയായത്. വിൻഡീസിന് വേണ്ടി സിമ്മൺസ് 45 പന്തിൽ 67 റൺസും എവിൻ ലൂയിസ് 35 പന്തിൽ 40 റൺസും ഹെറ്റ്മെയർ 14 പന്തിൽ നിന്നും 23 റൺസും നിക്കോളാസ് പൂരാൻ 18 പന്തിൽ 38 റൺസും അടിച്ചെടുത്തു.