'ആ ഗോള്‍ എന്റേതല്ലേ?' ബ്രൂണോയുടെ ഗോളിന് വാദിച്ച് റൊണാള്‍ഡോ

ഇടത് വിങ്ങിലൂടെ ഇരച്ചെത്തിയ ബ്രൂണോ ഒരു ലോങ് റേഞ്ച് ക്രോസിലൂടെ പന്ത് ഉറുഗ്വായിയുടെ വലയില്‍ എത്തിക്കുകയായിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (08:43 IST)

ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിന് വേണ്ടി വാദിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഉറുഗ്വായ്‌ക്കെതിരെ പോര്‍ച്ചുഗല്‍ താരം ബ്രൂണോ നേടിയ ഗോളിലാണ് തന്റെ ഇടപെടല്‍ കൂടി ഉണ്ടെന്ന വാദവുമായി റൊണാള്‍ഡോ രംഗത്തെത്തിയത്. മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്.

ഇടത് വിങ്ങിലൂടെ ഇരച്ചെത്തിയ ബ്രൂണോ ഒരു ലോങ് റേഞ്ച് ക്രോസിലൂടെ പന്ത് ഉറുഗ്വായിയുടെ വലയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലയില്‍ പന്ത് കൊണ്ടതായി സംശയം തോന്നിയിരുന്നു. റൊണാള്‍ഡോയുടെ തലയില്‍ തട്ടിയാണോ പന്ത് വലയിലെത്തിയതെന്ന സംശയം ആരാധകര്‍ക്കും ഉണ്ട്.

ഗോള്‍ പിറന്ന ഉടനെ റൊണാള്‍ഡോ ആഹ്ലാദപ്രകടനം തുടങ്ങി. സ്വന്തം ഗോള്‍ ആണെന്ന് കരുതിയാണ് റൊണാള്‍ഡോ ആഘോഷിച്ചു തുടങ്ങിയത്. എന്നാല്‍ ഗോള്‍ ബ്രൂണോയുടേതാണെന്ന് സ്‌ക്രീനില്‍ തെളിഞ്ഞു. ആ ഗോളിന് അവകാശി ബ്രൂണോ എന്നാണ് ഫിഫ രേഖപ്പെടുത്തിയത്. ഇത് റൊണാള്‍ഡോയെ ചെറുതായി പ്രകോപിപ്പിച്ചു. താന്‍ അല്ലേ ഗോള്‍ നേടിയതെന്ന് അപ്പോള്‍ തന്നെ റൊണാള്‍ഡോ ചോദിച്ചു. തന്റെ തലയില്‍ പന്ത് കൊണ്ടു എന്നാണ് റൊണാള്‍ഡോ റഫറിയോട് വാദിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :