അഭിറാം മനോഹർ|
Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (20:21 IST)
രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തിനിടെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റതില്‍ എന്‍സിഎയും ബിസിസിഐയും കുറ്റപ്പെടുത്തി ആരാധകര്‍. മത്സരത്തിനിടെ പുറം വേദനയേറ്റ ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പുറം വേദനയെ തുടര്‍ന്നായിരുന്നു ശ്രേയസ് പിന്മാറിയത്. എന്നാല്‍ പിന്നീട് നടത്തിയ എന്‍സിഎയുടെ ഫിറ്റ്‌നസ് പരിശോധനയില്‍ താരത്തിന് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് രഞ്ജി മത്സരത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് താരം വീണ്ടും പരിക്കിന്റെ പിടിയിലായത്.
Read Here:
ഇതുപോലൊരു ഗതികെട്ടവൻ വേറെയുണ്ടോ? ശ്രേയസിന് വീണ്ടും പണി, ഐപിഎൽ തുലാസിൽ
പരിക്ക് പൂര്‍ണ്ണമായും മാറാതെ രഞ്ജി മത്സരത്തിനിറങ്ങിയതാണ് ശ്രേയസിന്റെ നില പിന്നെയും വഷളാക്കിയതെന്നാണ് മുംബൈ ടീമിന്റെ ഫിസിയോയും വ്യക്തമാക്കുന്നത്. എന്‍സിഎ ഫിറ്റാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയും രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിച്ചില്ലെന്ന കാരണം കാണിച്ച് അടുത്തിടെയാണ് ബിസിസിഐ താരത്തിന്റെ വാര്‍ഷിക കരാര്‍ ഒഴിവാക്കിയത്. ശ്രേയസ് വീണ്ടും പരിക്കിലായതോടെ ബിസിസിഐയും എന്‍സിഎയും പ്രതികൂട്ടിലായിരിക്കുകയാണ്. തന്റെ പരിക്ക് പൂര്‍ണ്ണമായും മാറിയിട്ടില്ലെന്ന് ശ്രേയസ് അറിയിച്ചിട്ടും താരത്തെ നിര്‍ബന്ധിച്ച് ഇവര്‍ കളിപ്പിക്കുകയായിരുന്നുവെന്നും ഇതില്‍ രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കും വരെ ഉത്തരവാദിത്വമുണ്ടെന്നും ആരാധകര്‍ പറയുന്നു.