സഞ്ജുവായിരുന്നെങ്കിൽ ജയ്സ്വാൾ അർഹിച്ച സെഞ്ചുറി നേടിയേനെ, ഗിൽ വെറും സ്വാർഥനെന്ന് സോഷ്യൽ മീഡിയ

Gill,Jaiswal
അഭിറാം മനോഹർ| Last Modified ഞായര്‍, 14 ജൂലൈ 2024 (08:39 IST)
Gill,Jaiswal
സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെതിരെ പരിഹാസവുമായി ആരാധകര്‍. നാലാം ടി20യില്‍ സിംബാബ്വെയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം അനായാസമായാണ് ഇന്ത്യ മറികടന്നത്. 93 റണ്‍സുമായി യശ്വസി ജയ്‌സ്വാളും 58 റണ്‍സുമായി നായകന്‍ ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്കായി തിളങ്ങി.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അക്രമിച്ചുകളിച്ച യുവതാരം യശ്വസി ജയ്‌സ്വാളിന് ഒരു ഘട്ടത്തില്‍ മത്സരത്തില്‍ സെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നു. ഇന്ത്യയ്ക്ക് വിജയിക്കാന്‍ 25 റണ്‍സ് വേണമെന്നിരിക്കെ സെഞ്ചുറിക്കായി 17 റണ്‍സായിരുന്നു ജയ്‌സ്വാളിന് വേണ്ടിയിരുന്നത്. എന്നാല്‍ അതുവരെ സാവാധാനത്തില്‍ സ്‌കോര്‍ ചെയ്തിരുന്ന ശുഭ്മാന്‍ ഗില്‍ ഈ സമയത്ത് ബാറ്റിംഗ് വേഗത ഉയര്‍ത്തുകയായിരുന്നു. ഇതോടെ മത്സരത്തില്‍ സെഞ്ചുറി നേടാനുള്ള അവസരം ജയ്‌സ്വാളിന് നഷ്ടമായി. ഇതോടെ നായകന്‍ ഗില്ലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കഴിഞ്ഞ മത്സരങ്ങളില്‍ മികവ് തെളിയിക്കാതിരുന്ന ഗില്‍ ജയ്‌സ്വാളിന്റെ സെഞ്ചുറി നിഷേധിക്കുന്നതിലൂടെ ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററാണ് താനെന്ന് തെളിയിച്ചതായി ആരാധകര്‍ പറയുന്നു. തന്റെ ഓപ്പണിംഗ് സ്ഥാനം ജയ്‌സ്വാളും അഭിഷേകും ചേര്‍ന്ന് സ്വന്തമാക്കുമെന്ന് ഗില്‍ ഭയക്കുന്നതായും അതുകൊണ്ടാണ് ജയ്‌സ്വാളിന് സെഞ്ചുറി നിഷേധിച്ചതെന്നും ഇത് നാണക്കേടാണെന്നും ആരാധകര്‍ പറയുന്നു. അതേസമയം ഗില്ലിന് പകരം സഞ്ജു സാംസണായിരുന്നു ആ സ്ഥാനത്തെങ്കില്‍ ജയ്‌സ്വാള്‍ തനിക്ക് അര്‍ഹതപ്പെട്ട ആ സെഞ്ചുറി സ്വന്തമാക്കുമായിരുന്നുവെന്നും ഐപിഎല്ലില്‍ ആ കാഴ്ച നമ്മള്‍ കണ്ടിട്ടുള്ളതാണെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :