പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍‌പ്പിച്ചേക്കും; കാരണങ്ങള്‍ ഇതെല്ലാമാണ് - ജയമെന്നത് പ്രതീക്ഷ മാത്രമോ ?

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍‌പ്പിച്ചേക്കും; കാരണങ്ങള്‍ ഇതെല്ലാമാണ്

ലണ്ടന്‍| jibin| Last Updated: ശനി, 3 ജൂണ്‍ 2017 (16:31 IST)
ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനായി ആരാധകര്‍ എന്നും കാത്തിരിക്കാറുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു മേലുള്ള വിജയം കൂടിയായിട്ടാണ് മത്സരത്തിന്റെ ഫലത്തെ ആരാധകര്‍ കാണുന്നത്. അതിനാല്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ നേരിടുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.

പാകിസ്ഥാനെ നാണം കെടുത്തിയുള്ള ഒരു വിജയമാണ് വിരാട് കോഹ്‌ലിയില്‍ നിന്ന് ഇന്ത്യന്‍ ആരാധകര്‍ നാളെ
പ്രതീക്ഷിക്കുന്നത്. എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം നീലപ്പടയ്‌ക്കൊപ്പമല്ല. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം പാക് ടീമിനായിരുന്നു. കിരീടം സ്വന്തമാക്കിയ 2013ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ടീമാണ് പാകിസ്ഥാനെ തകര്‍ത്തത്.

ഇത്തവണ ഇന്ത്യക്കായിരിക്കും ജയമെന്ന് മുന്‍ പാക് ക്യാപ്‌റ്റന്‍ ഷാഹിദ് അഫ്രീദിയടക്കമുള്ളവര്‍ പറയുമ്പോള്‍ ഇംഗ്ലണ്ടിലെ ബൌണ്‍സുള്ള പിച്ചില്‍ ഇന്ത്യ തിരിച്ചടി ഭയക്കുന്നുണ്ട്. സര്‍ഫറാസ് അഹമ്മദ്, ഷുഹൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ബാബര്‍ അസം എന്നീ ബാറ്റ്‌സ്‌മാന്‍ മാര്‍ക്കൊപ്പം വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന്‍ എന്നീ പേസ് ബോളര്‍മാരും ചേരുമ്പോള്‍ പാക് ടീം കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.

പരിചയ സമ്പന്നനായ ശുഹൈബ് മാലിക്കിനൊപ്പം ഇടങ്കയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ ഇമാദ് വസീം എത്തുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഏത് ബാറ്റ്‌സ്‌മാനെയും സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റെടുക്കുന്ന അപകടകാരിയായ ബോളറാണ് ഇമാദ് വസീം. ശാദാബ് ഖാന്‍, മുഹമ്മദ് ഹഫീസ് എന്നിവരും തകര്‍പ്പന്‍ ബോളര്‍മാര്‍ ആണെന്നത് കോഹ്‌ലിക്ക് വെല്ലുവിളിയാകും.

അതേസമയം, ഐപിഎല്‍ മത്സരങ്ങളുടെ ക്ഷീണം തീരാതെ ചാമ്പ്യന്‍‌സ് ട്രോഫിക്ക് പാഡ് കെട്ടിയ ഇന്ത്യന്‍ ടീമില്‍ ആവലാതികള്‍ അലയടിക്കുകയാണ്. മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയും കോഹ്‌ലിയും തമ്മിലുള്ള പടലപ്പിണക്കമാണ് പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ടീം ഇന്ത്യയെ പിടിച്ചുലയ്‌ക്കുന്നത്.



വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ്, രോഹിത് ശര്‍മ്മ, എന്നീ മുതിര്‍ന്ന താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യന്‍ ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. പേസിനെ തുണയ്‌ക്കുന്ന ഇംഗ്ലീഷ് മണ്ണില്‍ ഇവരുടെ ബാറ്റ് റണ്‍സ് കണ്ടെത്തിയാലെ ഇന്ത്യക്ക് പ്രതീക്ഷകള്‍ തുടരാന്‍ സാധിക്കൂ.

ഫിനിഷറാകേണ്ട ധോണി തുടര്‍ച്ചയായി പരാജയപ്പെടുന്നതും യുവരാജ് റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വലയുന്നതും തിരിച്ചടിയാണ്. വന്‍ സ്‌കോര്‍ കെട്ടിപ്പെടുക്കാന്‍ ശേഷിയുള്ള രോഹിത് ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും പരാജയമാകുന്നുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, ജഡേജ എന്നീ ബോളര്‍മാര്‍ മാത്രമാണ് നിലവില്‍ മികച്ച പ്രകടനം തുടരുന്നത്.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍‌ഡിംഗ് എന്നീ മൂന്ന് മേഖലകളിലും കരുത്ത് കാട്ടി ടൂര്‍ണമെന്റിലെ ഫേവ്‌റേറ്റുകള്‍ ഇന്ത്യയാണെന്ന്
തെളിയിക്കേണ്ട മത്സരം കൂടിയാണ് നാളത്തേത്. തിരിച്ചടി നേരിട്ടാല്‍ ടീം ഇന്ത്യയുടെ മനോവീര്യം തകരുമെന്നതിലും സംശയമില്ല. അതിനാല്‍ തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്തി തുടങ്ങാനാകും കോഹ്‌ലി ആഗ്രഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :