അഭിറാം മനോഹർ|
Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (14:03 IST)
ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലോകകപ്പിനുള്ള തന്റെ വരവറിയിച്ച പ്രകടനവുമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും തിരിച്ചുവന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും ഡേവിഡ് മലാന്റെയും പ്രകടനമികവില്‍ 368 റണ്‍സാണ് അടിച്ചെടുത്തത്.
സ്‌കോര്‍ബോര്‍ഡില്‍ വെറും 13 റണ്‍സ് ഉള്ളപ്പോള്‍ തന്നെ ജോണി ബെയര്‍സ്‌റ്റോയുടെയും ജോ റൂട്ടിന്റെയും വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. എന്നാല്‍ ടീം തകര്‍ച്ചയില്‍ നില്‍ക്കെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മലാന്‍ ബെന്‍ സ്‌റ്റോക്‌സ് സഖ്യം ഇംഗ്ലണ്ടിനെ വമ്പന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു. 199 റണ്‍സാണ് ഇവര്‍ കൂട്ടിചേര്‍ത്തത്. എന്നാല്‍ 96 റണ്‍സില്‍ നില്‍ക്കെ മലാനെ പുറത്താക്കി ട്രെന്‍ഡ് ബോള്‍ട്ട് ന്യൂസിലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ 76 പന്തില്‍ നിന്നും സെഞ്ചുറി തികച്ച ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പിന്നീട് ന്യൂസിലന്‍ഡ് നിരയെ ഒറ്റയ്ക്ക് കശാപ്പ് ചെയ്യുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.
124 പന്തില്‍ നിന്നും 15 ഫോറും 9 ബൗണ്ടറികളുമടക്കം 182 റണ്‍സ് നേടി പുറത്തായ ബെന്‍ സ്‌റ്റോക്‌സ് 200 റണ്‍സെന്ന നാഴികകല്ലിലേക്ക് അനായാസം നടന്നുകയറുന്നതിനിടെയാണ് പുറത്തായത്. 182 റണ്‍സ് പ്രകടനത്തോടെ ഏകദിന ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ എന്ന നേട്ടം സ്‌റ്റോക്‌സിന് സ്വന്തമായി. 2018ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയുടെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 369 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 187 റണ്‍സ് മാത്രമാണ് നേടാനായത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സും ലിയാം ലിവിങ്സ്റ്റണും 3 വിക്കറ്റ് വീതം വീഴ്ത്തി. ന്യൂസിലന്‍ഡിനായി ട്രെന്‍ഡ് ബോള്‍ട്ട് 5 വിക്കറ്റുകളും മത്സരത്തില്‍ സ്വന്തമാക്കി.