രാഹുല്‍ ദ്രാവിഡിന് ബിസിസിഐയുടെ താക്കീത്; ഉടന്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

രേണുക വേണു| Last Modified വെള്ളി, 16 ജൂണ്‍ 2023 (16:46 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അടക്കമുള്ള പരിശീലക സംഘത്തിന് ബിസിസിഐയുടെ താക്കീത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ദയനീയമായി തോറ്റതിനു പിന്നാലെ ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫ് സംഘത്തെ അഴിച്ചുപണിയണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. സപ്പോര്‍ട്ടിങ് സ്റ്റാഫിനെ മാറ്റുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിസിസിഐ അധികാരികള്‍ ഇതേ കുറിച്ച് വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയേക്കും.

ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍, ബൗളിങ് പരിശീലകന്‍ പരാസ് മാംബ്രേ എന്നിവരുടെ സ്ഥാനം തെറിക്കാനാണ് സാധ്യത. ഇരുവരും ബിസിസിഐയുടെ നിരീക്ഷണത്തിലാണ്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ ഉടന്‍ മാറ്റില്ലെങ്കിലും ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം ദ്രാവിഡിന്റെ ഭാവി തീരുമാനിക്കും. ഏകദിന ലോകകപ്പില്‍ ഇന്ത്യ ശ്രദ്ധേയമായ പ്രകടനം നടത്തിയില്ലെങ്കില്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനവും തെറിക്കും. ദ്രാവിഡിന് ബിസിസിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിദേശത്ത് ഇന്ത്യയുടെ പ്രകടനം ദയനീയമാണെന്നും അതിനൊരു മാറ്റം വന്നില്ലെങ്കില്‍ ഭാവിയില്‍ ടീമിന് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നുമാണ് ബിസിസിഐ വിലയിരുത്തല്‍. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നുണ്ട്. ഏകദിന ലോകകപ്പിന് ശേഷമായിരിക്കും രോഹിത്തിനെ നായകസ്ഥാനത്തു നിന്ന് മാറ്റുക. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവരാണ് അടുത്ത നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :