രേണുക വേണു|
Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (08:50 IST)
രവി ശാസ്ത്രി ഒഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനാകാന്‍ രണ്ട് മുന്‍ താരങ്ങളെ പരിഗണിച്ച് ബിസിസിഐ. രവി ശാസ്ത്രിക്ക് മുന്‍പ് പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്ന അനില്‍ കുംബ്ലെയെ വീണ്ടും പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്. വിരാട് കോലിയും അനില്‍ കുംബ്ലെയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ടി 20 ലോകകപ്പിന് ശേഷം കോലി ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെങ്കിലും ഏകദിനത്തില്‍ നായകനായി തുടരും. കുംബ്ലെ മുഖ്യ പരിശീലകനായി എത്തിയാല്‍ വിരാട് കോലിയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നതാണ് പ്രധാന ചോദ്യം.
മുഖ്യ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കണമെന്ന് ബിസിസിഐ അധ്യക്ഷന്‍ കുംബ്ലെയോട് ആവശ്യപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഈ ആവശ്യത്തോടെ കുംബ്ലെ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. ഒരിക്കല്‍ അപമാനിക്കപ്പെട്ട് രാജിവച്ച സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്താന്‍ കുംബ്ലെ തയ്യാറാകുമോ എന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകും.
കുംബ്ലെയ്ക്കാണ് കൂടുതല്‍ സാധ്യതയെങ്കിലും വി.വി.എസ്.ലക്ഷ്മണെയും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കുംബ്ലെ 'നോ' പറയുന്ന സാഹചര്യത്തില്‍ ലക്ഷ്മണെ പരിശീലകനാക്കാമെന്നാണ് ബിസിസിഐയുടെ ആലോചന. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് മെന്ററായി സേവനം അനുഷ്ഠിച്ചുള്ള പരിചയം ലക്ഷ്മണനുണ്ട്.