വനിതാ താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ, ഹർമനും സ്മൃതിയും ദീപ്തി ശർമയും എ ഗ്രേഡിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (16:50 IST)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ. അടുത്ത ഒരു വർഷത്തേക്കുള്ള കരാറിൽ 17 താരങ്ങളെയാണ് ബിസിസിഐ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ,സ്മൃതി മന്ദാന,ദീപ്തി ശർമ എന്നിവരാണ് എ ഗ്രേഡിലുള്ള താരങ്ങൾ. അഞ്ച് താരങ്ങൾ ബി ഗ്രേഡിലും 9 താരങ്ങൾ സി ഗ്രേഡിലുമാണുള്ളത്.

രേണുക താക്കൂർ,ജെമീമ റോഡ്രിഗസ്,ഷഫാലി വർമ, റിച്ച ഘോഷ്,രാജേശ്വരി ഗെയ്ക്വാദ് തുടങ്ങിയ താരങ്ങളാണ് ഗ്രേഡ് ബിയിലുള്ളത്. മേഘ്ന സിംഗ്,ദേവിക വൈദ്യ,സബ്യേനി മേഘ്ന,അഞ്ജലി സർവാനി,പൂജ വസ്ത്രാക്കർ,സ്നേഹ് റാണാ,രാധാ യാധവ്,ഹർലീൻ ഡിയോൾ,യാസ്തിപ ഭാട്ടിയ എന്നീ താരങ്ങളാണ് സി ഗ്രേഡിലുള്ളത്.

വനിതാ താരങ്ങളിൽ എ ഗ്രേഡിലുള്ളവർക്ക് 50 ലക്ഷവും ബി ഗ്രേഡിൽ 30 ലക്ഷവും സി ഗ്രേഡിൽ 10 ലക്ഷവുമാണ് ബിസിസിഐ വാർഷിക ശമ്പളമായി നൽകുന്നത്. പുരുഷ താരങ്ങൾക്ക് എ പ്ലസ് കാറ്റഗറിയിൽ 7 കോടിയും എ ഗ്രേഡിൽ 5 കോടിയും ബി ഗ്രേഡിൽ 3 കോടിയും സി ഗ്രേഡിൽ ഒരു കോടിയുമാണ് ബിസിസിഐ പ്രതിഫലമായി നൽകുന്നത്. കൂടാതെ പുരുഷ താരങ്ങൾക്ക് ടെസ്റ്റിന് മാച്ച് ഫീയായി 15 ലക്ഷവും ഏകദിനത്തിന് 6 ലക്ഷവും ടി20യ്ക്ക് 3 ലക്ഷം രൂപയും പ്രതിഫലമായി ലഭിക്കും. വനിതാ താരങ്ങൾക്ക് ടെസ്റ്റിന് രണ്ടര ലക്ഷവും ഏകദിനത്തിനും ടി20യ്ക്കും ഒരു ലക്ഷം രൂപയും വീതമാണ് പ്രതിഫലമായി ലഭിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :