ധോണിപ്പട ചരിത്രമെഴുതി: ഇന്ത്യ പടക്കം പൊട്ടിച്ചു, ദക്ഷിണാഫ്രിക്ക ചാരമായി

മെല്‍ബണ്‍| jibin| Last Updated: ഞായര്‍, 22 ഫെബ്രുവരി 2015 (16:25 IST)
മെല്‍ബണ്‍: ലോകകപ്പില്‍ ഇതുവരെ ദക്ഷിണാഫ്രിക്കക്കയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല ചരിത്രം ധോണിപ്പട മാറ്റിയെഴുതി. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ പടുത്തുയര്‍ത്തിയ 308 വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. 130 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.

ഇന്ത്യന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആഗ്രഹിച്ച തുടക്കം ലഭിച്ചില്ല. നാലാം ഓവറില്‍ തന്നെ
ഓപ്പണാറായ വാന്‍ ഡി കോക്ക് (7) മുഹമദ് ഷാമിയുടെ പന്തില്‍ വിരാട് കോഹ്‌ലിക്ക് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറി. മൂന്നാമനായി ക്രീസിലെത്തിയ ഡു പ്ലെസി ഹഷിം അംലയ്ക്ക് മികച്ച പിന്തുണ നല്‍കിയെങ്കിലും ഇന്ത്യന്‍ ബോളര്‍മാര്‍ കൃത്യതയോടെ പന്തെറിയുകയായിരുന്നു. ഇതോടെ സ്കോര്‍ മന്തഗതിയിലാകുകയും ചെയ്‌തു, ഈ സാഹചര്യത്തില്‍ വമ്പന്‍ ഷോട്ടിന് തുനിഞ്ഞ അംലയെ (22) മോഹിത് ശര്‍മ്മ പുറത്താക്കുകയായിരുന്നു.

ഡു പ്ലെസി ഡിവില്ലിയേഴ്‌സ് സഖ്യം ശക്തമായി
മുന്നേറുന്ന സമയത്താണ് മോഹിത് ശര്‍മ്മയുടെ ത്രോ സ്വീകരിച്ച ധോണി ഡിവില്ലിയേഴ്‌സിനെ (30) റണ്‍ ഔട്ടാക്കുകയായിരുന്നു. 68 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയശേഷമായിരുന്നു ഇവര്‍ പിരിഞ്ഞത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഫാഫ് ഡു പ്ലെസി (55) മോഹിത് ശര്‍മ്മയുടെ പന്തില്‍ ധവാന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പേര് കേട്ട ബാറ്റിംഗ് നിര തകരുകയായിരുന്നു. തുടര്‍ന്നുള്ള ഓവറില്‍ ഡേവിഡ് മില്ലര്‍ (22) കൂടി പുറത്താതിന് പിന്നാലെ ജെ പി ഡുമിനി (6), വെറോണ്‍ ഫിലാന്‍ഡര്‍ (0), മോര്‍ണി മോര്‍ക്കല്‍ (2), ഡെയ്‌ല്‍ സ്‌റ്റെയിന്‍ (1) ഇമ്രാന്‍ താഹിര്‍ (8), പാര്‍നല്‍ (17) എന്നിവരാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ സ്‌കോറര്‍മാര്‍.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ്
തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കെ റണ്ണെന്നുമെടുക്കാത്ത രോഹിത് ശര്‍മ റണ്‍ ഔട്ടാകുകയായിരുന്നു. സിംഗിളിന് ശ്രമിച്ച അദ്ദേഹം എബി ഡിവില്ലിയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ

നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് (147 പന്തില്‍ 137) ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. വിരാട് കോഹ്‌ലി പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ശിഖര്‍ ധാവാന്‍ ആക്രമണ മൂഡില്‍ കളിച്ചപ്പോള്‍ കോഹ്‌ലി പതിയെ തുടങ്ങുകയായിരുന്നു. താളം കണ്ടെത്തിയ ഇരുവരും ഇന്ത്യന്‍ സ്കോര്‍ വേഗത്തിലാക്കുകയായിരുന്നു. പലപ്പോഴും ധവാനായിരുന്നു ആക്രമിച്ച് കളിച്ചത്. മികച്ച രീതിയില്‍ ബാറ്റ് വീശിയ കോഹ്‌ലി 28മത് ഓവറില്‍ (46) ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ഡ്യു പ്ലിസിസിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ധവാന്‍-കോഹ്‌ലി സഖ്യം 127 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാലമനായി ക്രീസിലെത്തിയ അജിന്‍ക്യ (76) രഹാനെ സ്‌കോര്‍ ബോര്‍ഡ് വേഗത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്താകുകയായിരുന്നു.

മധ്യനിരയിലെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്കോര്‍ 340 കടക്കുമായിരുന്നു. 44 ഓവറില്‍ 2ന് 261 എന്ന നിലയില്‍ നിന്നാണ് ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ പെട്ടന്നുനഷ്ടമായത്. ധോണി 11 പന്തിൽ 18 റൺസെടുത്ത് പുറത്തായി. സുരേഷ് റെയ്‌ന (6), രവിന്ദ്ര ജഡേജ (2), ആര്‍ അശ്വിന്‍ (5), മുഹമ്മദ് ഷാമി (4) എന്നിവരാണ് മറ്റ് ഇന്ത്യന്‍
സ്കോറര്‍മാര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :