ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്, ബംഗ്ലാദേശിന് അട്ടിമറി ജയം

അഡലെയ്ഡ് ഓവല്‍:| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (17:39 IST)
ഈ ലോകകപ്പിലെ ഫേവറിറ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. 276 എന്ന അത്ര വലുതല്ലാത്ത വിജയലക്‍ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ലക്‍ഷ്യത്തിന് 15 റണ്‍സ് അകലെ എല്ലാവരും കൂടാരം കയറി.

സ്കോര്‍: ബംഗ്ലാദേശ് 275/7
ഇംഗ്ലണ്ട് 260.

ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെ ആത്മവിശ്വാസമില്ലാത്ത ടീമായി മാറി ഇംഗ്ലണ്ട്. സ്കോട്‌ലാന്‍ഡിനോട് മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. കഴിഞ്ഞ ലോകകപ്പിലേതുപോലെ ഇത്തവണയും ബംഗ്ലാദേശ് തന്നെ ഇംഗ്ലണ്ടിനെ അട്ടിമറിച്ചത് ഇംഗ്ലണ്ട് ആരാധകര്‍ക്ക് താങ്ങാനാകാത്ത കാഴ്ചയായി.

63 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനും 65 റണ്‍സെടുത്ത ജോസ് ബട്ടറിനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്താനായത്. 42 റണ്‍സെടുത്ത് വോക്സ് പുറത്താകാതെ നിന്നു. മൊയീന്‍ അലിയും ഹെയ്‌ല്‍‌സും റൂട്ടുമൊന്നും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. ഒരു ത്രില്ലര്‍ സിനിമപോലെ ആവേശം തുളുമ്പിയ ക്ലൈമാക്സില്‍ ബ്രോഡിന്‍റെയും ആന്‍ഡേഴ്സന്‍റെയും വിക്കറ്റുകള്‍ തകര്‍ത്തെറിഞ്ഞ് റുബെല്‍ ഹൊസൈന്‍ വിജയം ബംഗ്ലാദേശിന് സമ്മാനിച്ചു. ഒമ്പതര ഓവറില്‍ 53 റണ്‍സ് വഴങ്ങി റുബെല്‍ ഹൊസൈന്‍ നാലുവിക്കറ്റുകളാണ് നേടിയത്.

ബംഗ്ലാദേശിന് സന്തോഷിക്കാവുന്ന മറ്റൊരു കാര്യം അവരുടെ ഒരു ബാറ്റ്സ്മാന്‍ ആദ്യമായി ലോകകപ്പില്‍ സെഞ്ച്വറി തികച്ചു എന്നതാണ്. 138 പന്തുകളില്‍ നിന്നാണ് 103 റണ്‍സ് മൊഹമ്മദുള്ള നേടിയത്. അത് അവരുടെ ഇന്നിംഗ്സിന്‍റെ അടിത്തറയുമായി. മുഷ്ഫിഖുര്‍ റഹിം 89 റണ്‍സെടുത്ത് ബംഗ്ലാദേശിന് വിലപ്പെട്ട സംഭാവന നല്‍കി. സൌമ്യ സര്‍ക്കാര്‍ 40 റണ്‍സെടുത്തു.

ക്വാര്‍ട്ടര്‍ ഫൈനലിലും ബംഗ്ലാദേശ് തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പ്. വലിയ ടീമുകളുടെ ഉറക്കം കെടുത്തുന്ന പ്രതിഭകള്‍ ബംഗ്ലാദേശ് ടീമില്‍ കാത്തിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :