അപര്‍ണ|
Last Modified ശനി, 17 മാര്‍ച്ച് 2018 (09:53 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്രസിംഗ് ധോണി എന്ന പ്രതിഭാസത്തിന്‍റെ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴൊക്കെ പ്രകടനമികവുകൊണ്ട് അദ്ദേഹം എതിരാളികളുടെ വായടപ്പിച്ചിട്ടുണ്ട്. സമകാലീന ഇന്ത്യന്‍ ക്രിക്കറ്റില്‍ കാണപ്പെടുന്ന ബോളിംഗ് രീതികള്‍ പകര്‍ന്നു നല്‍കിയത് ധോണിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
ധോണിക്കു കീഴിൽ ഒരുപിടി ഇന്ത്യൻ ബോളർമാരാണ് ലോക നിലവാരത്തിലേക്കുയർന്നത്. രോഹിത് ശര്‍മയേയും ഗോണിയേയും ലോകമറിയുന്ന താരങ്ങളായി മാറ്റിയതും ധോണി തന്നെ. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്കു മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പർകിങ്സിന്റെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്ക് ധോണിയെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്.
‘ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളാണ് നിങ്ങളെ നിയന്ത്രിക്കുന്നതെന്ന തോന്നൽ കളിക്കാർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അദ്ദേഹം നിങ്ങൾക്ക് വളരെയധികം സ്വാതന്ത്ര്യം നൽകും. മാത്രമല്ല, ധോണിക്കു കീഴിൽ സ്വയം നീന്തി കരകയറാനും നിങ്ങൾ പഠിക്കും‘ - ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലാജി വ്യക്തമാക്കി.
ഇത്തവണയും ഐപിഎൽ താരലേലത്തിൽ ഒരുപിടി യുവതാരങ്ങളെ ചെന്നൈ ടീമിലെത്തിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ നവ പ്രതീക്ഷ ശാർദുൽ താക്കൂർ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ പുത്തൻ താരോദയം ലുങ്കി എൻഗിഡി, ഇംഗ്ലണ്ട് താരം മാർക് വുഡ് തുടങ്ങിയവർ ഉദാഹരണങ്ങളാണ്.
പ്രതിഭയുള്ള താരങ്ങളെ സൃഷ്ടിക്കാനുള്ള കഴിവ് ധോണിക്കുണ്ട്. ഓരോ താരങ്ങളെയും കൃത്യമായി നിരീക്ഷിച്ച് അവർക്കു ചെയ്യാവുന്ന ജോലികൾ തിട്ടപ്പെടുത്തുന്ന കാര്യത്തിൽ ധോണി അഗ്രഗണ്യനാണ്. അദ്ദേഹത്തെ മികച്ച ഒരു ലീഡർ ആക്കുന്നതും ഈ ഗുണമാണ്. - ബാലാജി പറഞ്ഞു.