ഇത് ഞങ്ങള്‍ക്ക് ആഷസിനു മുന്‍പുള്ള പരിശീലനം; ഇന്ത്യയെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ ആരാധകര്‍

രേണുക വേണു| Last Modified ബുധന്‍, 7 ജൂണ്‍ 2023 (09:36 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ത്ത് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ആരാധകര്‍. ഓസ്‌ട്രേലിയന്‍ ആരാധകരാണ് തര്‍ക്കത്തിനു തുടക്കമിട്ടത്. 'ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഫാന്‍സ്' എന്ന സോഷ്യല്‍ മീഡിയ പേജിലെ പരാമര്‍ശമാണ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചത്. വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനമാണ് തങ്ങള്‍ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്നാണ് ഈ പേജിലെ പോസ്റ്റ്.

ട്വിറ്ററിലും ഇന്ത്യന്‍ ടീമിനെ വില കുറച്ച് കാണുന്ന തരത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകര്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓവലിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയോട് ഏറ്റുമുട്ടാനുള്ള കഴിവ് ഇന്ത്യക്ക് ഇല്ലെന്നാണ് മിക്കവരുടെയും കമന്റ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് ഓസ്‌ട്രേലിയയോട് മത്സരിക്കാന്‍ പറ്റില്ലെന്നും ആരാധകര്‍ പറയുന്നു. കളി കഴിയുന്നതുവരെ ഈ വെല്ലുവിളികള്‍ കാണണമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പക്ഷം. എങ്ങനെ നോക്കിയാലും ഓസ്‌ട്രേലിയയോട് പോരടിക്കാനുള്ള മികവ് തങ്ങളുടെ ടീമിനുണ്ടെന്ന് ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്ക് തുടക്കമാകും. ആഷസ് പരമ്പരയ്ക്ക് സജ്ജമാകുന്നതിനു വേണ്ടി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജോഷ് ഹെയ്‌സല്‍വുഡിന് ഓസ്‌ട്രേലിയ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :