ഓസീസിന് ഭീഷണി കോലിയോ രോഹിത്തോ അല്ല: സ്റ്റീവ് സ്മിത്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (21:39 IST)
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ഭീഷണി സൃഷ്ടിക്കുക ഇന്ത്യന്‍ ബാറ്റര്‍മാരായിരിക്കില്ലെന്ന് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. പേസിനെ തുണയ്ക്കുന്ന ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും അപകടം സൃഷ്ടിക്കുമെന്നാണ് സ്മിത്തിന്റെ നിരീക്ഷണം. നിലവാരമുള്ള സീം ബൗളര്‍മാരാണ് ഇരുവരുമെന്നും ഡ്യൂക് ബോളില്‍ ഇരുവരും അപകടകാരികളാകാമെന്നും സ്മിത്ത് പറയുന്നു.

ഓവലിലെ സാഹചര്യം പേസര്‍മാര്‍ക്ക് മാത്രമല്ല സ്പിന്നിനും അനുയോജ്യമാണ്. മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്കുള്ളത്. അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ മേല്‍ക്കെ നേടുക എന്നത് വലിയ വെല്ലുവിളിയാണ്. ഹേസല്‍വുഡിന്റെ അഭാവത്തില്‍ സ്‌കോട്ട് ബോളണ്ടോ മൈക്കല്‍ നീസറോ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കരുതുന്നു. മികച്ച താരമാണ് നീസര്‍ ബാറ്റിങ്ങിലും തിളങ്ങാന്‍ അയാള്‍ക്കാകും. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബോളണ്ട് ഓസീസിന് മുതല്‍ക്കൂട്ടാകുമെന്നും സ്മിത്ത് പറയുന്നു.

ഇന്ത്യന്‍ സമയം നാളെ വൈകീട്ട് 3 മണിമുതലാണ് ടെസ്റ്റ് മത്സരം കാണാനാകുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :