രേണുക വേണു|
Last Modified ബുധന്‍, 21 ജൂണ്‍ 2023 (08:30 IST)
ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ടീമിന് രൂക്ഷ വിമര്‍ശനം. രണ്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0 ത്തിന് മുന്നിലെത്തി. ഒന്നാം ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്തതിനു ശേഷമാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഒന്നാം ദിനം തന്നെ ഡിക്ലയര്‍ ചെയ്യാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെ കളിയില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ ഇംഗ്ലണ്ട് ആരാധകര്‍ കലിപ്പിലാണ്.
അഞ്ചാം ദിനം ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ 174 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഓസ്ട്രേലിയ രണ്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം കാണുകയായിരുന്നു. 281 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടിയിരുന്നു. അഞ്ചാം ദിനം ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞപ്പോള്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വാലറ്റത്തെ ചെറുത്ത് നില്‍പ്പിനെ ഭേദിക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഒന്നാം ഇന്നിങ്സില്‍ ആദ്യ ദിനം പൂര്‍ത്തിയാകും മുന്‍പ് ഡിക്ലയര്‍ ചെയ്തതിനെ ഇംഗ്ലണ്ട് ടീം ഇപ്പോള്‍ ശപിക്കുന്നുണ്ടാകും.
അഞ്ചാം ദിനം അവസാനത്തോട് അടുക്കുമ്പോള്‍ 227 ന് ഓസ്ട്രേലിയയുടെ എട്ട് വിക്കറ്റുകളും വീഴ്ത്തി കളി തങ്ങള്‍ക്ക് അനുകൂലമാക്കിയതാണ് ഇംഗ്ലണ്ട്. എന്നാല്‍ കമ്മിന്‍സ് 73 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 44 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു. നഥാന്‍ ലിയോണ്‍ 28 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. 197 പന്തില്‍ 65 റണ്‍സ് നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 36 റണ്‍സ് നേടി.
ഒന്നാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 273 ല്‍ അവസാനിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ ആര്‍ക്കും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചില്ല. ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് ആയി നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടീം ടോട്ടലില്‍ 50 റണ്‍സ് കൂടി ചേര്‍ത്തതിനു ശേഷമായിരുന്നു ഈ ഡിക്ലറേഷന്‍ എങ്കില്‍ മത്സരത്തിന്റെ വിധി തന്നെ മാറിയേനെ. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 386 റണ്‍സിന് ഓള്‍ഔട്ടായി.