Ashes 1st Test: ഞെട്ടിച്ച് ഇംഗ്ലണ്ട്, സ്‌കോര്‍ 400 ആകും മുന്‍പ് ഒന്നാം ദിനം തന്നെ ഡിക്ലയര്‍ ചെയ്തു !

ഏകദിന ശൈലിയില്‍ ബാറ്റ് ചെയത ഇംഗ്ലണ്ട് അതിവേഗമാണ് സ്‌കോര്‍ 400 ന് അടുത്തെത്തിച്ചത്

രേണുക വേണു| Last Modified ശനി, 17 ജൂണ്‍ 2023 (08:48 IST)

Australia vs England, Ashes Test: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്‌സ് ആദ്യ ദിനം തന്നെ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. എഡ്ജ്ബാസ്റ്റണിലെ ബാറ്റിങ് ട്രാക്കില്‍ സ്‌കോര്‍ 400 കടക്കാതെ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത് ഓസ്‌ട്രേലിയയെ അടക്കം അതിശയിപ്പിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു. വിക്കറ്റ് നഷ്ടമില്ലാതെ ഓസ്‌ട്രേലിയ 14 റണ്‍സ് നേടിയിട്ടുണ്ട്.

ഏകദിന ശൈലിയില്‍ ബാറ്റ് ചെയത ഇംഗ്ലണ്ട് അതിവേഗമാണ് സ്‌കോര്‍ 400 ന് അടുത്തെത്തിച്ചത്. ജോ റൂട്ട് 152 പന്തില്‍ നിന്ന് ഏഴ് ഫോറും നാല് സിക്‌സും സഹിതം 118 റണ്‍സുമായി പുറത്താകാതെ നിന്നു. ജോണി ബെയര്‍‌സ്റ്റോ 78 പന്തില്‍ 78 റണ്‍സ് നേടി. സാക് ക്രൗവ്‌ലി (73 പന്തില്‍ 61), ഹാരി ബ്രൂക്ക് (37 പന്തില്‍ 32), ഒലി പോപ്പ് (44 പന്തില്‍ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലിയോണ്‍ നാല് വിക്കറ്റുകളും ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. സ്‌കോട്ട് ബോളണ്ടും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റ് സ്വന്തമാക്കി. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് ആഷസ് പരമ്പരയിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :