അഭിറാം മനോഹർ|
Last Modified വെള്ളി, 27 നവംബര്‍ 2020 (17:57 IST)
ഓസീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് 66 റൺസ് തോൽവി. മത്സരത്തിൽ ഓസീസ് മുന്നോട്ട് വെച്ച 375 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റിന് 308 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഒരു ഘട്ടത്തിൽ 101 റൺസിന് 4 എന്ന നിലയിൽ പതറിയ ഇന്ത്യയെ ഹാർദിക് പാണ്ഡ്യയും ശിഖർ ധവാനും ചേർന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.
മത്സരത്തിൽ 375 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് സ്‌കോര്‍ബോഡില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നാലെയെത്തിയ കോഹ്‌ലി 21 റണ്‍സുമായും ശ്രേയസ് അയ്യര്‍ 2 റണ്‍സുമായും കെ.എല്‍ രാഹുല്‍ 12 റണ്‍സുമായും വേഗം പവലിയനിയില്‍ തിരിച്ചെത്തിയതോടെ ഇന്ത്യ അപകടം മണത്തു. എന്നാൽ പാണ്ഡ്യയും ധവാനും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ട് ചെറുത്തുനിന്നതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
ഒരു ഘട്ടത്തിൽ ധവാൻ പുറത്തായെങ്കിലും ഒരറ്റത്ത് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഹാർദ്ദിക് പാണ്ഡ്യ സ്കോറിംഗ് ഉയർത്തി.എന്നാൽ ധവാന് പിന്നാലെ പാണ്ഡ്യയും പവലിയനിലേക്ക് പോയതോടെ ഇന്ത്യ തോൽവി ഉറപ്പിക്കുകയായിരുന്നു. 76 പന്തിൽ 7 ബൗണ്ടറികളും 4 സിക്‌സറുകളുമടക്കം 90 റൺസാണ് മത്സരത്തിൽ പാണ്ഡ്യ സ്വന്തമാക്കിയത്.
അതേസമയം ഓസീസ് നിരയിൽ പ്രമുഖ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 374 റണ്‍സ് അടിച്ചെടുത്തത്. ഓസീസിനായി സ്റ്റീവ് സ്മിത്തും നായകൻ ആരോൺ ഫിഞ്ചും സെഞ്ചുറി നേടി.