രേണുക വേണു|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (08:29 IST)
Asia Cup 2023: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക ഫൈനലില്‍ കയറിയത്. പാക്കിസ്ഥാനേയും ശ്രീലങ്കയേയും തോല്‍പ്പിച്ച ഇന്ത്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരം. ഈ കളി തോറ്റാലും ഫൈനല്‍ കളിക്കുക ഇന്ത്യ തന്നെ.
വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിലാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 42-ാം ഓവറിലെ അവസാന പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മഴയെ തുടര്‍ന്നാണ് മത്സരം 42 ഓവറാക്കി ചുരുക്കിയത്.
കുശാല്‍ മെന്‍ഡിസ് (87 പന്തില്‍ 91), ചരിത് അസലങ്ക (47 പന്തില്‍ 49), സദീര സമരവിക്രമ (51 പന്തില്‍ 48) എന്നിവരുടെ ഇന്നിങ്‌സുകളാണ് ശ്രീലങ്കയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 73 പന്തില്‍ 86 റണ്‍സ് നേടി പുറത്താകാതെ നിന്നു.