ആദ്യ പോരില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്‌ട്രേലിയ; തോല്‍‌വി 251 റണ്‍സിന്

  ashes 2019 , beat england , england , ഓസ്‌ട്രേലിയ , ആഷസ് , ഇംഗ്ലണ്ട് , ടെസ്‌റ്റ്
ബർമിങ്ങാം| Last Updated: തിങ്കള്‍, 5 ഓഗസ്റ്റ് 2019 (20:55 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പോരാട്ടമായി അറിയപ്പെടുന്ന ആഷസിലെ ആദ്യ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ തോല്‍‌വിയിലേക്ക് തള്ളിയിട്ട് ഓസ്‌ട്രേലിയ. ഏകദിന ലോകകപ്പ് നേടിയ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ 251 റണ്‍സിനാണ് ഓസീസ് തകര്‍ത്തത്. സ്‌കോര്‍: ഓസ്‌ട്രേലിയ 284/10 & 487/7. ഇംഗ്ലണ്ട് 374/10 & 146/10.

ജയിക്കാൻ 398 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിം‌സില്‍ 52.3 ഓവറിൽ 146 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. അഞ്ച് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 49 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിൻ ബോളർ നേഥൻ ലയണാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്. ടെസ്റ്റിൽ 350 വിക്കറ്റെന്ന നേട്ടവും ലയൺ ഒന്നാം ആഷസ് ടെസ്റ്റിൽ സ്വന്തമാക്കി. പാറ്റ് കമ്മിൻസ് നാലു വിക്കറ്റു വീഴ്ത്തി.

37 റൺസെടുത്ത ക്രിസ് വോക്സാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജയ്സൻ റോയ്, ക്യാപ്റ്റൻ ജോ റൂട്ട് എന്നിവർ 28 റൺസ് വീതം നേടി. ഇംഗ്ലിഷ് നിരയിലെ അഞ്ച് താരങ്ങൾ രണ്ടക്കം കാണാനാകാതെ പുറത്തായി.

റോറി ബേ്ണ്‍സ് (11), ജോ ഡെന്‍ലി (11), ജോസ് ബട്‌ലര്‍ (1), ബെന്‍ സ്‌റ്റോക്‌സ് (6), ജോണി ബെയര്‍സ്‌റ്റോ (6), മൊയീന്‍ അലി (4), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ജയിംസ് ആന്‍ഡേഴ്‌സണ് (4) പുറത്താവാതെ നിന്നു.

ആദ്യ ഇന്നിംഗ്‌സിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും (142), മാത്യു വെയ്ഡും (110) ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് സ്‌കോര്‍ 487 റണ്‍സിലെത്തിച്ചത്. 51 റണ്‍സെടുത്ത ട്രാവിസ് ഹെഡും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് 90 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :