സജിത്ത്|
Last Modified ശനി, 16 ഡിസംബര്‍ 2017 (14:49 IST)
ആഷസ് പരമ്പരയിലെ സെഞ്ചുറി നേട്ടത്തോടെ പുതിയൊരു റെക്കോര്‍ഡിനുടമയായി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ഏറ്റവും വേഗതയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമായാണ് സ്മിത്ത് മാറിയത്. 108 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സ്മിത്ത് 22 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. ഈ സെഞ്ചുറി നേട്ടത്തോടെ 18 വര്‍ഷം പഴക്കമുളള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് സ്മിത്ത് തകര്‍ക്കുകയും ചെയ്തു.
114 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം 58 ഇന്നിംഗ്‌സുകളില്‍ നിന്നായി 22 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 101 മത്സരങ്ങളില്‍ നിന്നായി ഇത്രയും സെഞ്ചുറികള്‍ നേടിയ സുനില്‍ ഗാവസ്‌കറാണ് രണ്ടാം സ്ഥാനത്ത്.
2017ല്‍ ഇതുവരെ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ 1000 റണ്‍സ് നേടിയതോടെ തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ 1000 റണ്‍സ് വീതം നേടുന്ന രണ്ടാമത്തെ താരമായി മാറാനും സ്മിത്തിന് കഴിഞ്ഞു. മുന്‍ ഓസീസ് താരമായ മാത്യു ഹെയ്ഡനാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു ക്രിക്കറ്റ് താരം. സ്മിത്തിന്റെ പ്രകടനമികവില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്ത് 89 റണ്‍സിന്റെ ലീഡ് നേടി.
ഏറ്റവും വേഗത്തില്‍ 21 സെഞ്ചുറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ (110 ഇന്നിങ്‌സ്) റെക്കോര്‍ഡ് അടുത്തിടെയാണ് സ്മിത്ത് (105 ഇന്നിങ്‌സ്) മറികടന്നത്. ഇതിനുപിന്നാലെയാണ് സച്ചിന്റെ തന്നെ പേരിലുള്ള
മറ്റൊരു റെക്കോര്‍ഡും സ്മിത്ത് പഴങ്കഥയാക്കിയത്.