അഭിറാം മനോഹർ|
Last Updated:
വെള്ളി, 27 ഡിസംബര്‍ 2019 (11:41 IST)
ജയിംസ് അൻഡേഴ്സന്റെ 150മത് ടെസ്റ്റ് മത്സരമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇപ്പോൾ നടക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി 150 മത്സരങ്ങൾ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം കളിക്കാരനെന്ന റെക്കോഡ് നേട്ടത്തോടെ മത്സരമാരംഭിച്ച അൻഡേഴ്സൺ ടെസ്റ്റിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടികൊണ്ടാണ് ഹീറോയായത്.
ഡീൻ എൽഗാറും,എയ്‌ഡൻ മർക്രാമും ചേർന്നായിരുന്നു മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് തുടങ്ങിയത്. ജെയിംസ് അൻഡേഴ്സൺ എറിഞ്ഞ ആദ്യ പന്ത് നേരിട്ടതാവട്ടെ എൽഗാറും. ബാറ്റിൽ ഉരസിപോയ പന്ത് നേരെ പോയത് കീപ്പർ ജോസ് ബട്ലറുടെ കൈകളിലേക്ക്. തന്റെ 150മത് മത്സരം അവിസ്മരണീയമാക്കുകയായിരുന്നു അൻഡേഴ്സൺ.
അൻഡേഴ്സണിന്റെ നേട്ടം ഐസിസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ദശാബ്ദത്തിൽ ആദ്യ പന്തിൽ നിന്നും വിക്കറ്റ് നേടുന്ന അഞ്ചാമത്തെ താരമാണ് അൻഡേഴ്സൺ. ശ്രീലങ്കയുടെ സുരംഗ ലക്മൽ,ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്,ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ൽ സ്റ്റയ്‌ൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ലക്മൽ രണ്ടുവട്ടം ഈ നേട്ടം സ്വന്തമാക്കി.
നിലവിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചവരിൽ ഏഴാം സ്ഥാനത്താണ് ജെയിംസ് അൻഡേഴ്സൺ. 200 ടെസ്റ്റ് മത്സരങ്ങളോടെ സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ളത്.